News Crime

കെ.എം. ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് വിജിലൻസ്

തിരുവനന്തപുരം : അഴീക്കോട് എംഎൽഎയും മുസ്ലിം ലീഗ് നേതാവുമായ കെ.എം.ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചതായി വിജിലൻസിന്റെ പ്രാഥമിക റിപ്പോർട്ട്. 2011 മുതൽ 2020 വരെയുള്ള കാലയളവിലാണ് ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുള്ളതെന്നാണ് റിപ്പോർട്ട്.
അഡ്വ.എം.ആർ.ഹരീഷ് നൽകിയ പരാതിയെ തുടർന്നാണ് കെ.എം.ഷാജിക്കെതിരെ വിജിലൻസിന്റെ സ്പെഷ്യൽ യൂണിറ്റ് അന്വേഷണം നടത്തിയത്. വിജിലൻസ് റിപ്പോർട്ട് കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിച്ചു.
ഒമ്പത് വർഷത്തെ കാലയളവിൽ ഷാജി ചെലവഴിച്ച തുകയും തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ നൽകിയ തുകയും തമ്മിൽ പൊരുത്തക്കേടുകളുണ്ടെന്നാണ് കണ്ടെത്തൽ. 88.5 ലക്ഷത്തോളം രൂപ ചെലവഴിച്ചുവെന്നാണ് സത്യവാങ്മൂലത്തിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ രണ്ടു കോടിയോളം രൂപ ചെലവഴിച്ചിട്ടുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തൽ. ഏകദേശം 166 ശതമാനത്തോളം അധിക വരുമാനം ഷാജിക്കുണ്ടായി എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
അതേ സമയം ഷാജിക്കെതിരേ വിജിലൻസ് കേസെടുത്തിട്ടില്ല. എന്നാൽ പരാതി നൽകിയ ഹരീഷ് ഷാജിക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് പുതിയ ഒരു ഹർജി കൂടി കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. 

Mathrubhumi News is now available on WhatsApp. Click here to subscribe.