News Crime

മെക്‌സിക്കോയില്‍ കൊലപാതകങ്ങള്‍ വര്‍ധിച്ചു

കൊലപാതക നിരക്കുകളിലുള്ള ആധിപത്യം തുടര്‍ന്ന് മെക്‌സിക്കോ. മുന്‍കാലങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം മുപ്പത്തിമൂന്ന് ശതമാനം വര്‍ധനയാണ് രാജ്യത്ത് കൊലപാതകങ്ങളിലുണ്ടായത്. 2018ല്‍ മെക്‌സിക്കോയില്‍ 33,341 കൊലപാതകക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മുന്‍ വര്‍ഷമിത് 25,036 കേസുകളായിരുന്നു. മുപ്പത്തിമൂന്ന് ശതമാനം വര്‍ധനയാണുണ്ടായത്. റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്ന നിരവധി കൊലപാതകങ്ങളും രാജ്യത്ത് നടക്കുന്നുണ്ട്. മയക്കുമരുന്ന് മാഫിയയുടെ വേരോട്ടമാണ് രാജ്യത്ത് ഇത്രയധികം കൊലപാതകങ്ങളും മറ്റ് കുറ്റകൃത്യങ്ങളും പെരുകാന്‍ കാരണം. മാഫിയാ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റമുട്ടലും വര്‍ധിച്ചു. രാജ്യത്ത് അക്രമങ്ങള്‍ അമര്‍ച്ച ചെയ്യുമെന്ന വാഗ്ദാനവുമായി അധികാരത്തില്‍ എത്തിയ പുതിയ പ്രസിഡന്റ് ആന്ദ്രേസ് മാനുവല്‍ ലോപ്പസ് ഒബ്രഡോറിന് വലിയ വെല്ലുവിളിയാണ് വര്‍ധിച്ച കൊലപാതക നിരക്കും മാഫിയാ സംഘര്‍ഷങ്ങളും. മുന്‍ പ്രസിഡന്റ് എന്റിക് പെനാ നീറ്റോ അധികാരത്തില്‍ വന്നശേഷം മെക്‌സിക്കോയില്‍ കൊലപാതകങ്ങള്‍ നാല്‍പതു ശതമാനമായി വര്‍ധിച്ചിരുന്നു. മുപ്പത്തിരണ്ട് മേഖലകളില്‍ മധ്യസ്‌റ്റേറ്റായ ഗ്വാനാജ്വാട്ടോയിലാണ് എറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇവിടെ 3290 കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 2017ല്‍ ഇത് 1084ആയിരുന്നു. കള്ളക്കടത്ത് എണ്ണയുടെ കേന്ദ്രമായ മാര്‍ക്കറ്റ് പിടിച്ചെടുക്കാനുള്ള മാഫിയാ സംഘര്‍ഷമാണ് ഇവിടെ ഇത്രയും കൊലപാതകങ്ങളിലേക്ക് വഴിയൊരുക്കുന്നത്. 2018ല്‍ 861 സ്ത്രീകളാണ് ഇവിടെ സംഘട്ടനങ്ങളില്‍ കൊല്ലപ്പെട്ടത്.