News Crime

തീവ്രവാദ ഭീഷണിയില്‍ പോലീസ് തിരയുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുള്‍ ഖാദര്‍ റഹീം പിടിയില്‍

കൊച്ചി: തീവ്രവാദി ഭീഷണിയെത്തുടര്‍ന്ന് പോലീസ് അതീവ ജാഗ്രത പാലിക്കുന്നതിനിടെ തീവ്രവാദ ബന്ധം സംശയിക്കുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുള്‍ ഖാദര്‍ റഹീമിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാവാന്‍ എത്തിയപ്പോഴാണ് ഇയാളെ പിടികൂടിയത്. ബഹ്‌റൈനില്‍ നിന്ന് കൊച്ചിയിലേക്ക് രണ്ട് ദിവസം മുമ്പാണ് ഇയാള്‍ എത്തിയത്. കൂടെയുണ്ടായിരുന്ന സ്ത്രീയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശനിയാഴ്ച വൈകീട്ട് എറണാകുളം കോടതിയില്‍ ഹാജരാവാന്‍ എത്തിയ ഇയാളെ പോലീസ് പിടികൂടുകയായിരുന്നു. തുടര്‍ന്ന് കസ്റ്റഡിയില്‍ എടുത്തു. മലയാളി ഉള്‍പ്പെടുന്ന ആറംഗ ലഷ്‌കര്‍ ഇ തൊയ്ബ ഭീകരസംഘം തമിഴ്‌നാട്ടില്‍ എത്തിയതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. പാകിസ്താന്‍ സ്വദേശി അടക്കമുള്ളവര്‍ ശ്രീലങ്കയില്‍ നിന്ന് കടല്‍ വഴി തമിഴ്‌നാട്ടിലേക്ക് കടന്നെന്നാണ് വിവരം ലഭിച്ചത്.