News Crime

റഷ്യന്‍ ജയിലറകളിലെ വിചിത്ര കഥയുമായി പുസ്തകം

റഷ്യന്‍ ജയിലറകളിലെ വിചിത്രകഥയുമായി മറ്റൊരു പുസ്തകം കൂടി പുറത്തിറക്കുകയാണ് ഫ്യുവല്‍ പബ്ലിഷേഴ്‌സ്. റഷ്യന്‍ ക്രിമിനല്‍സ് ടാറ്റൂസ് ആന്‍ഡ് പ്ലേയിങ് കാര്‍ഡ്‌സ് എന്നാണ് പുസ്തകത്തിന്റെ പേര്. കുറ്റവാളികള്‍ തടവില്‍ കഴിയുമ്പോള്‍ നടത്തുന്ന ചീട്ടുകളിയെന്ന ക്രൂര വിനോദത്തിന്റെ നേര്‍ ചിത്രമാണ് ഈ പുസ്തകം. 'റഷ്യന്‍ ക്രിമിനല്‍ ടാറ്റൂ' ആര്‍ക്കൈവ് സീരീസിലെ പുതിയ പുസ്തകമാണിത്. റഷ്യന്‍ ജയിലുകളില്‍ ചീട്ടുകളിക്ക് നിരോധനമാണ്. എന്നാല്‍ നിരോധനത്തിന് പുല്ലുവിലയും. ജയിലില്‍ ലഭിക്കുന്ന സാധാരണ വസ്തുക്കള്‍ കൊണ്ടാണ് ചീട്ടുകള്‍ നിര്‍മ്മിക്കുന്നത്. ചീട്ടുകള്‍ തയ്യാറായി കഴിഞ്ഞാല്‍ എതിരാളിയെ കണ്ടെത്തി വാശിയേറിയ പോരാട്ടം. ആദ്യം കൈയിലുള്ള വസ്തുക്കളാണ് വാതുവയ്ക്കുന്നത്. പണവും, ഭക്ഷണവും, സിഗരറ്റും അങ്ങനെ പോകും. പിന്നീട് ശരീരഭാഗങ്ങള്‍ തന്നെ വാതു വയ്ക്കും. ഇതിനൊക്കെ പ്രത്യേകം പേരുകളുമുണ്ട്. 'പോയിമെറ്റ് വെട്ടോച്ക്കു' എന്നു പറഞ്ഞാല്‍ തോല്‍ക്കുന്നവര്‍ വിരല്‍ മുറിച്ചു നല്‍കുക എന്നാണ്. 'പോയിമെറ്റ് പെല്‍മന്‍' ചെവി മുറിച്ചു നല്‍കലാണ്. 'പോയിമെറ്റ് ഫറു' എന്നാല്‍ കണ്ണ് ചൂഴ്ന്ന് നല്‍കണം. ചൂഴ്‌ന്നെടുക്കുന്ന കണ്ണുകള്‍ എല്ലാവര്‍ക്കും കാണാന്‍ പാകത്തില്‍ മേശമേല്‍ പ്രദര്‍ശിപ്പിക്കുകയും വേണം. ചിലപ്പോള്‍ സഹതടവുകാരുടെ ജീവന്‍ വരെ പണയം വെച്ചും കളിക്കും. തോല്‍ക്കുന്നവന്‍ നാണം കെട്ടുപോകുന്ന ചിത്രങ്ങള്‍ സ്വന്തം ശരീരത്തില്‍ പച്ചകുത്തേണ്ട ഗതികേടുമുണ്ടാകും ഈ കളിയില്‍. ഇത്തരം ക്രൂരത നിറഞ്ഞ പ്രാകൃതമായ കുറ്റവാളികളുടെ വിനോദമാണ് ഈ പുസ്തകത്തിലൂടെ ഫ്യുവല്‍ ലോകത്തിനു മുന്നില്‍ തുറന്നു വെയ്ക്കുന്നത്. ചീട്ടുകളുടെ 150-ഓളം ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് ഈ പുസ്തകത്തില്‍.