News Crime

ചരിത്രം പറഞ്ഞ് മാഫിയാ തലവന്റെ ഭാര്യ

കൊളംബിയന്‍ മാഫിയയുടെ ചോരപൊടിയുന്ന കഥകളില്‍ ഇടംപിടിച്ചിരിക്കുകയാണ് ഒരു വിഖ്യാത ചിത്രവും. മാഫിയാ തലവന്‍ പാബ്ലോ എസ്‌കോബാറിന്റെ ഭാര്യ എഴുതിയ പുസ്തകത്തിലാണ് മാഫിയാ കുടുംബവും ചിത്രവും തമ്മിലുള്ള ബന്ധം വിവരിക്കുന്നത്. നിരവധി ഗ്യാങ്‌വാറുകളെ അതിജീവിച്ച ചിത്രം. സ്പാനിഷ് ചിത്രകാരന്‍ സാല്‍വദോര്‍ ദാലിയുടെ ദ ഡാന്‍സ് എന്ന ചിത്രം. ദാലിയുടെ മെച്ചപ്പട്ട ചിത്രങ്ങളില്‍ ഒന്നല്ലെങ്കിലും ദ ഡാന്‍സിന് പറയാന്‍ ഒരു മാഫിയാ കഥയുണ്ട്. അത് വിവരിക്കുന്നത് കൊല്ലപ്പെട്ട കൊളംബിയന്‍ മാഫിയ തലവന്‍ പാബ്ലോ എസ്‌കോബാറിന്റെ ഭാര്യ വിക്‌ടോറിയ യുഫേനിയ ഹെനോയും. പാബ്ലോ എസ്‌കോബാര്‍മൈ ലൈഫ് ആന്റ് മൈ പ്രിസണ്‍ എന്ന പുസ്തകത്തിലാണ് ചിത്രത്തിന്റെ മാഫിയാ ബന്ധം വെളിപ്പെടുത്തുന്നത്. ന്യൂയോര്‍ക്കിലെ സിഗ്ഫീല്‍ഡ് തീയറ്ററിലായിരുന്നു ചിത്രം സൂക്ഷിച്ചിരുന്നത്. എന്നാല്‍ തീപിടിത്തത്തില്‍ അത് നശിച്ചു. പിന്നീട് അതേ ചിത്രം ദാലി വീണ്ടും വരച്ചു. തീയറ്റര്‍ ഉടമ ബില്ലി റോസ് ആ ചിത്രം വിറ്റു. കൈമാറി ഒടുവില്‍ ചിത്രം എത്തപ്പെട്ടത് കൊളംബിയന്‍ മയക്കുമരുന്ന് രാജാവ് പാബ്ലോ എസ്‌കാബാറിന്റെ കൈവശവും. മയക്കുമരുന്ന് കള്ളക്കടത്തിന്റെ സാമ്രാജ്യം കാല്‍ച്ചുവ ട്ടിലായിരുന്ന എസ്‌കോബാര്‍ ആ കാലത്തെ ഏറ്റവും ധനികരില്‍ ഒരാളുമായിരുന്നു. ന്യൂയോര്‍ക്കില്‍ 1985ല്‍ നടന്ന ലേലത്തിലാണ് ബില്ലി റോസ് ചിത്രം വിറ്റത്. എസ്‌കോബാര്‍ നേരിട്ടാണോ അതൊ ഭാര്യ വിക്‌ടോറിയയാണൊ 3.44 കോടി രൂപ മുടക്കി ചിത്രം സ്വന്തമാക്കിയതെന്ന് വ്യക്തമല്ല. അഗ്‌നി വിഴുങ്ങി പുനര്‍നിര്‍മ്മിക്കപ്പെട്ട ആ ചിത്രം പക്ഷെ എസ്‌കോബാര്‍ കുടുംബത്തിന്റെ മാന്ത്രിക രക്ഷായന്ത്രമായി മാറിയെന്ന് വിക്‌ടോറിയ എഴുതുന്നു. ചിത്രം സൂക്ഷിച്ചിരുന്ന മെഡല്ലിനിലെ വീട്ടില്‍ നടന്ന ബോംബാക്രമണത്തില്‍ നിന്ന് കുടുംബാംഗങ്ങള്‍ തലനാരിഴയ്ക്കാണത്രെ രക്ഷപ്പെട്ടത്. ഈ ചിത്രമാണ് തന്റെയും കുട്ടികളുടെ ജീവന്‍ രക്ഷിച്ചതെന്ന് വിക്‌ടോറിയ അഗാധമായി വിശ്വസിച്ചു. എസ്‌കോബാറിന് പൈതൃക വസ്തുക്കളോടും പഴയ കാറുകളോടുമായിരുന്നു ഹരം. ഭാര്യയ്ക്ക് ചിത്രങ്ങളോടും. വിഖ്യാതമായ ഒട്ടനവധി ചിത്രങ്ങളുടെ ശേഖരമുണ്ടായിരുന്നു വിക്‌ടോറിയയ്ക്ക്. അതിലൊന്നായിരുന്നു ദ ഡാന്‍സും. പലപ്പോഴും ചിത്രം പ്രകടിപ്പിച്ച ചില അത്ഭുതസിദ്ധിയായിരുന്നു വിക്ടോറിയയെ ദ ഡാന്‍സ് പ്രീയപ്പെട്ടതാക്കിയത്. എല്‍ പാബ്ലദോയിലെ അപ്പാര്‍ട്ട്‌മെന്റിലെ ലൈബ്രറിയിലായിരുന്നു കുറെ കാലം ചിത്രം തൂക്കിയിട്ടിരുന്നത്. എസ്‌കാബാറിനെ ലക്ഷ്യമിട്ട് അപ്പാര്‍ട്ട്‌മെന്റിന് നേരെ കാര്‍ ബോംബ് സ്‌ഫോടനം ഉണ്ടായി. കുടുംബാംഗങ്ങള്‍ രക്ഷപ്പെട്ടു. വീടിന് വലിയ നാശനഷ്ടങ്ങളുണ്ടായി. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം വിക്ടോറിയയുടെ സഹോദരി വീട്ടില്‍ എത്തുമ്പോള്‍ ദാലിയുടെ ചിത്ര ത്തിന് ഒരു പോറലുപോലുമില്ല. പിന്നീട് മെഡ്‌ലിനിലെ സഹോദരിയുടെ വീട്ടിലായിരുന്നു ചിത്രം സൂക്ഷിച്ചിരുന്നത്. ആ വീടും ആക്രമിക്കപ്പെട്ടു. വീട് ശത്രുക്കള്‍ അഗ്‌നിക്കിരയാക്കുകയായിരുന്നു. അതിലും ചിത്രം നശിച്ചില്ല. തീയിടാന്‍ വന്നവര്‍ തന്നെ ചിത്രവും കൊണ്ടു പോയി. എസ്‌കോബാര്‍ മരിച്ച ശേഷമാണ് ചിത്രം നശിച്ചിട്ടില്ലെന്ന് വിക്‌ടോറിയ അറിയുന്നത്. പിന്നീട് ശത്രു സംഘം തിരികെ നല്‍കാമെന്ന് പറഞ്ഞെങ്കിലും വിക്ടോറിയ സ്വീകരി ച്ചില്ല. ഒരിക്കല്‍ ഭര്‍ ത്താവ് പറഞ്ഞ വാക്കുകളാണ് അതിന് കാരണം. താന്‍ മരിച്ചാല്‍ അവശേഷിക്കുന്ന സ്വത്തുക്കളെല്ലാം ശത്രുക്കള്‍ക്ക് കൈമാറണം. അങ്ങനെയെങ്കില്‍ അവര്‍ നിങ്ങളെ വെറുതേവിടും എന്നായിരുന്നു എസ്‌കോബാര്‍ പറഞ്ഞുവെച്ചിരുന്നത്. എസ്‌കോബാറിന്റെ മരണ ശേഷം വിക്ടോറിയ അങ്ങനെ തന്നെ ചെയ്തു. അതുകൊണ്ട് തനിക്കും കുട്ടികള്‍ക്കും സുരക്ഷിതമായി കൊളംബിയയില്‍ നിന്ന് അര്‍ജന്റ്ീനയിലേക്ക് എത്തി സമാധാനമായി ജീവിക്കാന്‍ കഴിയുന്നു എന്ന് വിക്ടോറിയ തന്നെ എഴുതുന്നു. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില്‍പനയ്ക്കായി ശ്രമങ്ങള്‍ നടക്കുന്നു എന്നു മാത്രമാണ് പിന്നീട് ദ ഡാന്‍സിനെ പറ്റി വിക്‌ടോറിയ്ക്കുള്ള ഏക വിവരം.