News Crime

തൊടുപുഴയില്‍ മര്‍ദനമേറ്റ കുട്ടിക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതായി റിപ്പോര്‍ട്ട്

കോലഞ്ചേരി: തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന ഏഴുവയസ്സുകാരന് മസ്തിഷ്‌ക മരണം സംഭവിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇക്കാര്യം സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ അടങ്ങുന്ന മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് സ്ഥിരീകരിക്കേണ്ടതുണ്ടെന്നും കുട്ടി ചികിത്സയില്‍ കഴിയുന്ന കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ അറിയിച്ചു. തലച്ചോറിലേക്ക് രക്തം എത്തുന്നത് 90 ശതമാനത്തോളം നിലച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ആന്തരികമായി നിരവധി രക്തസ്രാവം ഉണ്ടായിട്ടുണ്ട്. നിര്‍ണായകമായ 48 മണിക്കൂര്‍ അതിജീവിക്കാന്‍ സാധിക്കാത്ത തരത്തിലുള്ള ക്രൂരമായ മര്‍ദ്ദനമാണ് കുട്ടിക്ക് അനുഭവിക്കേണ്ടി വന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 48 മണിക്കൂറിന് ശേഷം നടത്തിയ സ്‌കാനിങ്ങില്‍ പോലും സ്ഥിതി കൂടുതല്‍ മോശമായി മാറുന്നതായാണ് കാണുന്നത്.