News Crime

അമേരിക്കക്കാരന്റെ സമൂഹമാധ്യമങ്ങളില്‍ അപവാദത്തിന്റെയും വിദ്വേഷത്തിന്റെയും എഴുത്തുകള്‍ നിറയുന്നു

അമേരിക്കക്കാരന്റെ സമൂഹമാധ്യമച്ചുവരുകള്‍ നിറയെ അപവാദത്തിന്റെയും വിദ്വേഷത്തിന്റെയും എഴുത്തുകള്‍ നിറയുകയാണ്. കഴിഞ്ഞു പോയ വര്‍ഷമാണ് അമേരിക്കയിലെ സമൂഹമാധ്യമങ്ങളില്‍ ഏറിയ തോതില്‍ വിദ്വേഷ പ്രചരണ മഷി കൊഴുത്തൊഴുകിയത്. ഭീഷണി, അസഹിഷ്ണുത, വിദ്വേഷം ഈ വികാരങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടിയ ലക്ഷക്കണക്കിനു പേരുണ്ട് ആ രാജ്യത്ത്. 2018ന്റെ പോയ ദിനങ്ങള്‍ ചികഞ്ഞെടുത്ത 'വാഷിംഗ്ടണ്‍ പോസ്റ്റാ'ണ് അമേരിക്കയില്‍ സമൂഹമാധ്യമങ്ങള്‍ വിദ്വേഷത്തിന്റെ ചണ്ടിനിക്ഷേപശാലയായി മാറിയെന്ന് തുറന്നു പറയുന്നത്. അപവാദ പ്രചരണ ക്രൂരതയ്ക്ക് ഇരയായ നിരവധി പേരുമായി നേരിട്ട് സംസാരിച്ചാണ് ഈ വസ്തുതകള്‍ 'പോസ്റ്റ്' തയ്യാറാക്കിയത്. സമൂഹമാധ്യമങ്ങളിലും വെബ്‌സൈറ്റുകളിലും ആപ്പുകളിലും ഇത്തരം പ്രചരണങ്ങള്‍ വ്യക്തികളെയും സ്ഥാപനങ്ങളെയുമൊക്കെ കേന്ദ്രീകരിച്ച് ആരംഭിച്ചിട്ട് നിരവധി നാളുകളായെങ്കിലും കഴിഞ്ഞ വര്‍ഷം ഇതിന്റെ ഉത്തുംഗതയിലേക്കാണ് അമേരിക്ക ഓടിക്കയറിയത്. അത്രയ്ക്ക് നിലവിട്ട നിലയിലായിരുന്നു ഈ പ്രചരണങ്ങള്‍. 2018 ജൂലൈ മാസത്തിനും സെപ്റ്റംബറിനുമിടയില്‍ ഫെയിസ്ബുക്ക് മുപ്പതു ലക്ഷം വിദ്വേഷ പ്രസംഗങ്ങളാണ് നീക്കം ചെയ്തത്. സെപ്റ്റംബറില്‍ യൂട്യൂബ് 25,000 വിദ്വേഷ സ്വഭാവമുള്ള വീഡിയോകള്‍ നീക്കം ചെയ്തു. ഇത്തരം പോസ്റ്റുകള്‍ മേല്‍വിലാസം പോലുമില്ലാത്തവയായിരുന്നു. പ്രസിഡന്റ് ട്രമ്പിന്റെ വിമര്‍ശകര്‍ക്ക് പാര്‍സല്‍ ബോംബുകള്‍ അയച്ച സംഭവം ഇത്തരം വിദ്വേഷ പ്രചരണത്തിന്റെ പരിണതഫലമായിരുന്നു എന്നാണ് വിലയിരുത്തല്‍. അമരിക്കന്‍ ചരിത്രത്തിലെ ഏറ്റവും ഹീനമായ ജൂത വേട്ടയായിരുന്നു പിറ്റ്‌സ്ബര്‍ഗ് സിനഗോഗില്‍ നടന്ന വെടിവെയ്പ്. അതും യാദൃശ്ചി കമായിരുന്നില്ല. നിരവധി നാളുകള്‍ സമൂഹമാധ്യമങ്ങള്‍ കേന്ദ്രീകരിച്ച് നവനാസി അനുകൂല, ജൂത വിരുദ്ധ പ്രചരണങ്ങള്‍ക്കൊടുവില്‍ സംഭവിച്ച പ്രതിക്രിയയായിരുന്നു. ജൂതന്മാര്‍ സാത്താന്‍ വിശ്വാസികളാണെന്നും കറുത്തവര്‍ കള്ളന്മാരാണെന്നും ഒക്കെ വ്യാപകമായ പ്രചരണങ്ങള്‍ അമേരിക്കന്‍ സമൂഹമാധ്യമങ്ങളില്‍ നിറയെ പ്രചരിച്ചിരുന്നു. പല വിദ്വേഷ പ്രചരണങ്ങളും പൊതു സമൂഹ ത്തിലുണ്ടാക്കിയ മുറിവുകള്‍ നീറിക്കൊണ്ടേയിരിക്കുകയാണ്. സൈബര്‍ ആക്രമണങ്ങള്‍ പലതുണ്ടായിട്ടും അതിനോട് പ്രതികരിക്കാനോ പരാതിപ്പെടാനോ കഴിയാതെ ഭയത്താല്‍ മൗനം മറയാക്കി കഴിയുന്നവരും നിരവധിയാണ്. പക്ഷെ ഈ അനിയന്ത്രിതമായ വിദ്വേഷ വിഷങ്ങള്‍ പരക്കുന്നത് സമൂഹത്തിനുണ്ടാക്കിയിരിക്കുന്ന കേടുപാടുകള്‍ പരിഹരിക്കാന്‍ കഴിയുന്ന വണ്ണം ലളിതമല്ല.