News Exclusive

ശബരിമല അന്നദാനത്തിന് ആര്‍.എസ്.എസ് അനുകൂല സംഘടനയ്ക്ക് അനുമതി

തിരുവനന്തപുരം: ശബരിമലയില്‍ അന്നദാനത്തിന് അയ്യപ്പ സേവാ സമാജത്തിന് അനുമതി. പമ്പയിലും നിലയ്ക്കലും നല്‍കുന്ന അന്നദാനത്തിന്റെ ചുമതലയാണ് സംഘപരിവാര്‍ അനുകൂല സംഘടനയായ അയ്യപ്പ സേവാ സമാജത്തെ ഏല്‍പ്പിക്കുന്നത്. ദേവസ്വം ബോര്‍ഡ് സംഘടനയുമായി കരാര്‍ ഉണ്ടാക്കിയതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദേവസ്വം ബോര്‍ഡ് യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായത്. യുവതീ പ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡിനെതിരെ ശക്തമായ നിലപാടാണ് സംഘപരിവാര്‍ സംഘടനകള്‍ സ്വീകരിച്ചിരുന്നത്. കാണിക്ക ഇടരുതെന്ന പ്രചരണം അടക്കമുള്ള പ്രതിഷേധ നിലപാടായിരുന്നു അവര്‍ സ്വീകരിച്ചിരുന്നത്. ഇതിനിടയിലാണ് സംഘപരിവാറിന് അനുകൂലമായ നീക്കം ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. 2015-ന് ശേഷം ദേവസ്വം ബോര്‍ഡ് സ്വന്തം നിലയില്‍ അന്നദാനം നടത്തിയാല്‍ മതിയെന്ന് കോടതി ഉത്തരവുണ്ടായിരുന്നു. അതിനു ശേഷം അന്നദാനത്തിനുള്ള പണം ദേവസ്വം ബോര്‍ഡ് മറ്റു വ്യക്തികളില്‍ നിന്നും സംഘടനകളില്‍നിന്നും സ്വീകരിക്കുന്നുണ്ടെങ്കിലും ദേവസ്വം ബോര്‍ഡ് നേരിട്ടായിരുന്നു അന്നദാനം നടത്തിയിരുന്നത്. അന്നദാനത്തിനുള്ള ചെലവ് പണമായി നല്‍കുന്നതിനു പകരം അന്നദാനത്തിനുള്ള സാധനങ്ങള്‍ ദേവസ്വം ബോര്‍ഡ് നല്‍കാനാണ് തീരുമാനം.