News Exclusive

ജലീലിനെ ചോദ്യം ചെയ്ത, നീരവ് മോദിയെ വിറപ്പിച്ച ഇഡി ആരാണ്?

കുറച്ചു നാളുകളായി വാര്‍ത്തകളില്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന പേരുകളില്‍ ഒന്നാണ് ഇഡി. ഈ ഇഡി അത് ഒരു വ്യക്തിയാണോ? പ്രസ്ഥാനമാണോ? ചിലര്‍ക്കെങ്കിലും ഉണ്ടാകും ഇത്തരം സംശയങ്ങള്‍. എന്താണ് ഇഡി. ഇഡി എന്നാല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ്. രാജ്യത്തു നടക്കുന്ന സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്യുന്ന വിഭാഗം. ധനകാര്യമന്ത്രാലയത്തിലെ റവന്യൂ ഡിപ്പാര്‍ട്ടുമെന്റിന്റെ ഭാഗമായാണ് ഇഡി പ്രവര്‍ത്തിക്കുന്നത്. 1956 മെയ് 1 തിയതിയാണ് ഈ വിഭാഗം രൂപികൃതമായത്. എന്നാല്‍ അന്ന് പേര് എന്‍ഫോഴ്‌മെന്റ് യൂണിറ്റ് എന്നായിരുന്നു. ആ കാലഘട്ടത്തില്‍ 1947 ലെ ഫോറിന്‍ എക്‌സ്‌ചേഞ്ച് റഗുലേറ്ററി ആക്ടിടിന്റെ ലംഘനമായിരുന്നു ഇവര്‍ അന്വേഷിച്ചിരുന്നത്. 1957 ലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടട്രേറ്റ് ആയത്.1960-ലായിരുന്നു സാമ്പത്തികകാര്യ വകുപ്പില്‍ നിന്ന് റവന്യുവകുപ്പിലേയ്ക്ക് ഇഡിയുടെ ഭരണ ചുമതല മാറ്റിയത്. രാജ്യത്ത് വലിയ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ എണ്ണം കൂടിയതോടെ ഇഡിയുടെ ശക്തിയും വര്‍ധിച്ചു. ഇപ്പോള്‍ അത് ഇന്ത്യയിലെ ബിസിനസുകാരുടെയും രാഷ്ട്രീയക്കാരുടെയും ഉറക്കം കെടുത്തുന്ന നിലയിലേയ്ക്ക് വളര്‍ന്നിരിക്കുന്നു.