News Exclusive

കോവിഡ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ മാത്രം വന്നാല്‍ മതിയെന്ന കേരള നിലപാട് ദൗര്‍ഭാഗ്യകരം- വി.മുരളീധരന്‍

കോഴിക്കോട്: കോവിഡ് പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ മാത്രം കേരളത്തിലേക്ക് മടങ്ങി വന്നാല്‍ മതിയെന്ന കേരള സര്‍ക്കാരിന്റെ നിലപാടിനെതിരെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. പ്രവാസികളെ വളരെ പ്രതികൂലമായി ബാധിക്കുന്ന നിലപാടാണിത്. സ്വന്തം ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞു മാറുന്ന നടപടിയാണ് കേരള സര്‍ക്കാരിന്റേതെന്നും വി.മുരളീധരന്‍ പറഞ്ഞു. 'സ്വന്തം പൗരന്‍മാരെ കോവിഡ് പരിശോധന നടത്തി നെഗറ്റീവായാല്‍ മാത്രം കൊണ്ടുവന്നാല്‍ മതി എന്ന നിലപാട് ലോകരാജ്യങ്ങള്‍ പരിഹസത്തോടെയാകും കാണുക. ലോകത്തെല്ലായിടത്തും ക്വാറന്റീന്‍ സംവിധാനം ഫലപ്രദമായി നടപ്പാക്കി വരുന്നുണ്ട്. വിദേശത്ത് നിന്ന് വരുന്നവരെ എല്ലാ രാജ്യങ്ങളും ക്വാറന്റീന്‍ ചെയ്യിപ്പിച്ചാണ് സ്വീകരിക്കുന്നത്. എന്നാല്‍ ഇവിടെ അത്തരമൊരു ഉത്തരവാദിത്തത്തില്‍നിന്ന് സര്‍ക്കാര്‍ ഒഴിഞ്ഞു മാറുന്നതിന് തുല്യമായ നപടിയാണ് എടുത്തിട്ടുള്ളത്.' മുരളീധരന്‍ പറഞ്ഞു. 'പ്രവാസികളുടെ യാത്ര മുടക്കരുത്, അത് ക്രൂരമാണ്.' എന്ന മാതൃഭൂമി ന്യൂസ് ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.