News Exclusive

നിപ: പതിനേഴ് മരണമെന്ന സര്‍ക്കാരിന്റെ കണക്കുകള്‍ തള്ളി അന്താരാഷ്ട്ര ഗവേഷണ സംഘം; മരിച്ചത് 21 പേര്‍

തിരുവനന്തപുരം: നിപ രോഗബാധയില്‍ സംസ്ഥാന സര്‍ക്കാറിന്റെ കണക്കുകള്‍ തള്ളി അന്താരാഷ്ട്ര ഗവേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. 17 പേരല്ല 21 പേര്‍ നിപ ബാധിച്ച് മരിച്ചെന്നും 23 പേര്‍ക്ക് രോഗ ബാധയുണ്ടായെന്നുമാണ് കണ്ടെത്തല്‍. ആറാമത്തെ രോഗിയിലാണ് നിപ സ്ഥിരീകരിക്കാനായതെന്നും ലിനിയെകൂടാതെ മറ്റൊരു ആരോഗ്യ പ്രവര്‍ത്തകയും മരിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മാതൃഭൂമി ന്യൂസിന് ലഭിച്ചു. രോഗം തിരിച്ചറിയുന്നതിന് മുമ്പ് അഞ്ചുപേര്‍ മരിച്ചതായാണ് കണ്ടെത്തല്‍. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനിക്ക് മുമ്പേ കോഴിക്കോട് മെഡിക്കല്‍ കോളജിലെ റേഡിയോളജി അസിസ്റ്റന്റായ സ്ത്രീയും നിപ ബാധിച്ച് മരിച്ചു. നിപ ബാധിച്ച സാബിത് എന്ന യുവാവില്‍ നിന്ന് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഒമ്പതുപേര്‍ക്കും മെഡിക്കല്‍ കോളജിലെ 12 പേര്‍ക്കും പിന്നീട് രോഗബാധിതരില്‍ നിന്ന് രണ്ടുപേര്‍ക്കും നിപ പകര്‍ന്നുവെന്നാണ് നിഗമനം. അഞ്ചുരോഗികള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ മരിച്ചിട്ടും രോഗം തിരിച്ചറിയാനാകാഞ്ഞത് ആരോഗ്യ നിരീക്ഷണ സംവിധാനങ്ങളുടെ വീഴ്ച്ചയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനടക്കമുള്ള ഉന്നതോദ്യോഗസ്ഥ സംഘമാണ് ഗവേഷണ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയത്. റിപ്പോര്‍ട്ട് വസ്തുതാപരമാണെങ്കില്‍ സര്‍ക്കാര്‍ ഇത് മറച്ചുവെക്കുകയായിരുന്നോയെന്ന ചോദ്യമാണുയരുന്നത്.