News India

80 കോടി പേര്‍ക്ക് അഞ്ചുമാസത്തേക്ക് സൗജന്യ ഭക്ഷ്യധാന്യം- പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തെ പാവപ്പെട്ട 80 കോടി പേര്‍ക്ക് വരുന്ന അഞ്ചു മാസത്തേയ്ക്ക് സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന നവംബര്‍ അവസാനം വരെ ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചതായി പ്രധാനമന്ത്രി വ്യക്തമാക്കി. രണ്ടാം ഘട്ട ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വരുന്ന മാസങ്ങള്‍ ഉത്സവങ്ങളുടെ കാലമാണ്. മാസം അഞ്ച് കിലോ അരി, ഒരു കിലോ പരിപ്പ് എന്നിവ സൗജന്യമായി ലഭിക്കുന്ന പദ്ധതി ദീപാവലി, ഛാത് പൂജ തുടങ്ങിയ ഉത്സവങ്ങള്‍ക്കു ശേഷം നവംബര്‍ വരെ ദീര്‍ഘിപ്പിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. കോവിഡ്-19 മഹാമാരിയുടെ കാര്യത്തില്‍ ലോകത്തെ മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യ ഇപ്പോഴും സ്ഥിരതയുള്ള അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.