News India

കോവിഡ് വാക്‌സിനേഷന്‍: ആദ്യഘട്ടത്തിന്റെ ചെലവ് കേന്ദ്രം വഹിക്കും

ന്യൂഡല്‍ഹി: ആദ്യഘട്ടത്തില്‍ കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കും വാക്‌സിന്റെ ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിമാരുമായി സംവദിക്കവെയെണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. ജനുവരി 16 മുതല്‍ കോവിഡ് 19 ന് എതിരെയുള്ള വാക്‌സിന്‍ രാജ്യവ്യാപകമായി ലഭ്യമാക്കുന്നതിന് ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും നടത്തിയതായി സംസ്ഥാനങ്ങള്‍ അറിയിച്ചു. വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ തയ്യാറാക്കുന്നതും ആരോഗ്യപ്രവര്‍ത്തകര്‍, മറ്റ് മുന്‍നിര പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ രജിസ്‌ട്രേഷനും അടക്കമുള്ളവ ഇതില്‍ ഉള്‍പ്പെടുന്നു. സംസ്ഥാനങ്ങള്‍ വാക്‌സിന്‍ വാങ്ങുന്നത് സംബന്ധിച്ചും പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കി. 'സംസ്ഥാന സര്‍ക്കാരുകള്‍ സ്വന്തമായി വാങ്ങുകയാണെങ്കില്‍ കമ്പനികളുമായി വിലനിര്‍ണ്ണയത്തില്‍ ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരും. കേന്ദ്ര സര്‍ക്കാരിനെ പോലെ ഒരു ഏജന്‍സി ഉത്തരവാദിത്തം ഏറ്റെടുക്കുന്നതാണ് നല്ലത്. ഇതായിരിക്കും രാജ്യത്തിന് നല്ലത്', മോദി പറഞ്ഞു.