രാജ്യത്ത് കോവിഡ് വാക്സിന് വിതരണം ജനുവരി 16 മുതല്‍
ന്യൂഡല്‍ഹി: രാജ്യത്ത് ജനുവരി 16 മുതല്‍ കോവിഡ് വാക്സിന് വിതരണം ആരംഭിക്കും. ആരോഗ്യ പ്രവര്‍ത്തകരും കോവിഡ് മുന്നണിപ്പോരാളികളും ഉള്‍പ്പെടുന്ന മൂന്നൂകോടിയാളുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്സിന് നല്‍കുക. തുടര്‍ന്ന് അമ്പതുവയസ്സിനു മുകളില്‍ പ്രായമുള്ളവരും അമ്പതുവയസ്സിനു താഴെ പ്രായമുള്ള അസുഖബാധിതരും ഉള്‍പ്പെടുന്ന 27 കോടിയോളം ആളുകള്‍ക്കും വാക്സിന് നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. രാജ്യത്തെ കോവിഡ് സാഹചര്യവും വാക്സിന് വിതരണവുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകളും വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതലയോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് വാക്സിന് വിതരണവുമായി ബന്ധപ്പെട്ട തീരുമാനം എടുത്തത്. ക്യാബിനറ്റ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആരോഗ്യ സെക്രട്ടറി തുടങ്ങിയ ഉന്നതോദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.