News India

ഐ.എന്‍.എക്‌സ്. മീഡിയ കേസ്: പി.ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ്. മീഡിയ കേസുമായി ബന്ധപ്പെട്ട് മുന്‍ ധനമന്ത്രി പി.ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ സി.ബി.ഐക്ക് നിയമമന്ത്രാലയം അനുമതി നല്‍കി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ ഇതേ കേസില്‍ നേരത്തേ ചോദ്യം ചെയ്തിരുന്നു. ഇന്ത്യയിലും വിദേശത്തുമായി കാര്‍ത്തിയുടെ 54 കോടി രൂപയുടെ ആസ്തി കണ്ടുകെട്ടുകയും ചെയ്തിരുന്നു. കാര്‍ത്തി ചിദംബരത്തെ ഫെബ്രുവരി 28നാണ് സി.ബി.ഐ. അറസ്റ്റുചെയ്തിരുന്നു. കാര്‍ത്തിക്ക് പിന്നീട് ജാമ്യം അനുവദിച്ചു. ചിദംബരം ധനമന്ത്രിയായിരിക്കെ 2007ല്‍ ഐ.എന്‍.എക്‌സ്. മീഡിയയുടെ 305 കോടിയുടെ ഇടപാടിന് വിദേശനിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ (എഫ്.ഐ.പി.ബി.) അനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നാണ് ആരോപണം. ചിദംബരത്തിനും കാര്‍ത്തിക്കും പുറമേ ഐ.എന്‍.എക്‌സ്. മീഡിയ, അതിന്റെ ഡയറക്ടര്‍മാരായ പീറ്റര്‍ മുഖര്‍ജി, ഇന്ദ്രാണി മുഖര്‍ജി എന്നിവര്‍ക്കെതിരേയും സി.ബി.ഐ. അന്വേഷണം നടത്തുന്നുണ്ട്.