News India

പൊട്ടിക്കരഞ്ഞ് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍; മാറോടണച്ച് പ്രധാനമന്ത്രി

ബെംഗളൂരു: ചന്ദ്രയാന്‍ രണ്ട് ദൗത്യം സംബന്ധിച്ച പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് ശേഷം ബെംഗളൂരുവിലെ ഐഎസ് ആര്‍ ഒ കേന്ദ്രത്തില്‍ നടന്നത് വികാരനിര്‍ഭരമായ രംഗങ്ങള്‍. രാജ്യത്തെ അഭിസംബോധന ചെയ്ത ശേഷം പ്രധാനമന്ത്രി മടങ്ങാനൊരുങ്ങവേ യാത്ര അയക്കാന്‍ എത്തിയ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ.ശിവന്‍ നിയന്ത്രണം വിട്ട് കരയുകയായിരുന്നു. ഇതു കണ്ട പ്രധാനമന്ത്രി അദ്ദേഹത്തെ മാറോടണച്ച് പുറത്ത് തട്ടി ആശ്വസിപ്പിച്ചു. ഇത് ചുറ്റും നിന്നവരെയെല്ലാം സങ്കടത്തിലാക്കി. ചന്ദ്രയാന്‍ രണ്ടിലെ ലാന്‍ഡര്‍ ലക്ഷ്യം കാണാത്തതാണ് ഐ.എസ്.ആര്‍.ഒ ചെയര്‍മാനെ സങ്കടത്തിലാക്കിയത്. രാജ്യം മുഴുവനും ഐ.എസ്.ആര്‍.ഒയ്‌ക്കൊപ്പമുണ്ടെന്നും ശാസ്ത്രജ്ഞരുടെ പ്രവര്‍ത്തനങ്ങളെ വിലമതിക്കുന്നുവെന്നും പറഞ്ഞായിരുന്നു പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്.