News India

ഭരണഘടനാപരമായ പ്രത്യാഘാതം കേരളസര്‍ക്കാര്‍ നേരിടേണ്ടി വരുമെന്ന് ബിജെപി; കേന്ദ്രം റിപ്പോര്‍ട്ട് തേടി

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന് ഭീഷണിയും മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാരും ബിജെപിയും. അക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ ഭരണഘടനയ്ക്കുള്ളില്‍ നിന്നുകൊണ്ടുള്ള പ്രത്യാഘാതം സര്‍ക്കാരും സിപിഎമ്മും നേരിടേണ്ടി വരുമെന്ന് ബിജെപി വക്താവ് ജി.വി.എല്‍.നരസിംഹ റാവു പറഞ്ഞു. ഇതിനിടെ സംസ്ഥാനത്തെ അക്രമസംഭവങ്ങളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടുകയും ചെയ്തു. സര്‍ക്കാരാണ് കേരളത്തില്‍ അക്രമത്തിന് നേതൃത്വം കൊടുക്കുന്നത്. ശബരിമല വിഷയത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ഇപ്പോഴത്തെ സംഘര്‍ഷം. ഇക്കാര്യത്തില്‍ ഭക്തരുടെ പ്രതിഷേധം സമാധാനപരമായിരുന്നുവെന്നും ബിജെപി വക്താവ് പറഞ്ഞു. അതേ സമയം അക്രമ സംഭവങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ തയ്യാറായില്ലെങ്കിലും സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിട്ടുള്ളതായി ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. സംസ്ഥാനത്ത് സമാധാനം തിരികെ കൊണ്ടുവരണം. നിലവിലെ സ്ഥിതിഗതികളില്‍ ആശങ്കയുണ്ടെന്നും രാജ്‌നാഥ് സിങ് അറിയിച്ചു. ഒരു സ്വാകാര്യ ചടങ്ങിനെത്തിയപ്പോള്‍ മാധ്യമങ്ങളോടാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.