News India

ബംഗാളില്‍ സിബിഐ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു

കൊല്‍ക്കത്ത: പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യംചെയ്യാനെത്തിയ സിബിഐ സംഘത്തെ കൊല്‍ക്കത്ത പോലീസ് തടഞ്ഞു. ശാരദ, റോസ് വാലി തട്ടിപ്പുകേസുകള്‍ അന്വേഷിച്ച സംഘത്തിന് നേതൃത്വം നല്‍കിയിരുന്നത് രാജീവ് കുമാറാണ്. കേസുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ കാണാതായതിനെത്തുടര്‍ന്ന് അദ്ദേഹത്തിന് സിബിഐ പലതവണ സമന്‍സ് അയച്ചിരുന്നു. തുടര്‍ന്നാണ് സിബിഐ സംഘം അദ്ദേഹത്തെ ചോദ്യംചെയ്യാന്‍ കൊല്‍ക്കത്തയിലെത്തിയത്. ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വസതിക്ക് മുന്നില്‍ എത്തിയ സിബിഐ സംഘത്തെ വീട്ടിലേക്ക് കടത്തിവിടാന്‍ അവിടെ നിലയുറപ്പിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. തുടര്‍ന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സിബിഐ സംഘത്തെ പാര്‍ക്ക് സ്ട്രീറ്റ് പോലീസ് സ്‌റ്റേഷനിലേക്കും പിന്നീട് ഷേക്‌സ്പിയര്‍ സരണി പോലീസ് സ്‌റ്റേഷനിലേക്കും ബലം പ്രയോഗിച്ച് കൊണ്ടുപോയി സിബിഐ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു.