News India

എന്‍.കെ.പ്രേമചന്ദ്രന്‍ എം.പിക്ക് കോവിഡ്, ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

ന്യൂഡല്‍ഹി: എന്‍.കെ.പ്രേമചന്ദ്രന്‍ എം.പിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് രോഗം സ്ഥിരീകരിച്ചത്. അദ്ദേഹത്തെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന് പനിയും തൊണ്ട വേദനയുമടക്കമുള്ള പ്രാഥമിക ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് ശനിയാഴ്ച കോവിഡ് പരിശോധനക്ക് വിധേയനാകുകയായിരുന്നു. ഇതിന്റെ ഫലമാണ് ഞായറാഴ്ച ഉച്ചയോടെ ലഭിച്ചത്. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലാണ് അദ്ദേഹം. നേരത്തെ പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നതിന് മുന്‍പ് കോവിഡ് പരിശോധന നടത്തുകയും അതില്‍ ഫലം നെഗറ്റീവ് ആവുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് കോവിഡ് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് വീണ്ടും പരിശോധന നടത്തിയത്. അതേസമയം ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് കേരള ഹൗസിന് മുന്നില്‍ നടന്ന യു.ഡി.എഫ്. എം.പിമാരുടെ പ്രതിഷേധ പരിപാടിയില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരിക്കും പ്രഹഌദ് സിങ് പട്ടേലിനുമടക്കം 30 എം.പിമാര്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.