അനിൽ ദേശ്മുഖിനെതിരായ ആരോപണം: സി.ബി.ഐ. അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിന് എതിരായ ആരോപണങ്ങളിൽ സി.ബി.ഐ. അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ആരോപണങ്ങൾ ഗൗരവമേറിയതാണ്. അതിനാൽ സ്വതന്ത്ര അന്വേഷണം ആവശ്യമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. സി.ബി.ഐ. അന്വേഷണത്തിനെതിരേ മഹാരാഷ്ട്ര സർക്കാരും അനിൽ ദേശ്മുഖും നൽകിയ ഹർജികൾ സുപ്രീം കോടതി തള്ളി. അനിൽ ദേശ്മുഖിനെതിരേ മുൻ മുംബൈ പോലീസ് കമ്മീഷണർ പരംബീർ സിങ്ങിന്റെ ആരോപണങ്ങളിൽ സി.ബി.ഐയോട് 15 ദിവസത്തിനകം പ്രാഥമിക അന്വേഷണം നടത്താനായിരുന്നു ബോംബെ ഹൈക്കോടതി ഉത്തരവിട്ടത്. ഹൈക്കോടതിയുടെ ഈ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മഹാരാഷ്ട്ര സർക്കാരും അനിൽ ദേശ്മുഖും സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ അനിൽ ദേശ്മുഖിന്റെ വാദം കേൾക്കാതെ സി.ബി.ഐ. അന്വേഷണം പാടില്ലെന്ന് മഹാരാഷ്ട്ര സർക്കാരും മഹാരാഷ്ട്രയുടെ മുൻ ആഭ്യന്തര മന്ത്രിയും സുപ്രീം കോടതിയിൽ വാദിച്ചു. ഈ വാദം കോടതി അംഗീകരിച്ചില്ല.