News India

കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി; ആലോക് വര്‍മയെ സിബിഐ ഡയറക്ടറായി പുനഃസ്ഥാപിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി നല്‍കി ആലോക് വര്‍മയെ സിബിഐ തലപ്പത്ത് സുപ്രീംകോടതി പുനഃസ്ഥാപിച്ചു. ആലോക് വര്‍മയെ നീക്കിയ നടപടി സുപ്രീംകോടതി റദ്ദാക്കി. ആലോക് വര്‍മയ്‌ക്കെതിരായ കേസിലെ റിപ്പോര്‍ട്ട് വരുന്നത് വരെ നയപരമായ തീരുമാനങ്ങളൊന്നും അദ്ദേഹം എടുക്കരുതെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഉന്നതാധികാര സമിതി ഒരാഴ്ചയ്ക്കകം യോഗം ചേര്‍ന്ന് അദ്ദേഹത്തിനെതിരായ ആരോപണങ്ങള്‍ പരിശോധിക്കണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. തന്നെ നീക്കിയതിനെതിരേ സി.ബി.ഐ. ഡയറക്ടര്‍ ആലോക് വര്‍മ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്റെ വിധി. ഇന്ന് ചീഫ് ജസ്റ്റിസ് ഗൊഗോയ് അവധിയിലായിരുന്നതിനാല്‍ ബെഞ്ചിലെ അംഗമായ ജസ്റ്റിസ് എസ്.കെ.കൗളാണ് വിധി പ്രസ്താവം നടത്തിയത്. കെ.എം.ജോസഫാണ് ബെഞ്ചിലുണ്ടായിരുന്ന മറ്റൊരു ജഡ്ജി.