പേട്ടയുടെ വിജയം; രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തില്‍ മാറ്റമുണ്ടായേക്കാം
"ഞാന്‍ ഇനിയും സിനിമ ചെയ്യും. ഇപ്പോഴും എന്നില്‍ ഊര്‍ജ്ജമുണ്ട്. ഞാന്‍ ഇനിയും സിനിമ ചെയ്യും.'' സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് ഉറച്ച ശബ്ദത്തില്‍ പറയുകയാണ്. പേട്ടയുടെ മികച്ച വിജയം രജനിയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിരിക്കുന്നു. തൊണ്ണൂറുകളിലെ രജനിയെ കാര്‍ത്തി സുബ്ബരാജ് തിരിച്ചു തന്നിരിക്കുന്നുവെന്നാണ് രജനി ആരാധകര്‍ സംശയമില്ലാതെ പറയുന്നത്. രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ച് ഒരു വര്‍ഷം പിന്നിട്ടിട്ടും രജനി രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചിട്ടില്ല. പാര്‍ട്ടി പ്രഖ്യാപനം ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്പുണ്ടാകുമോ അതല്ല തമിഴ്നാട്ടിലെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായാണോ അതുണ്ടാകുക എന്നാണ് ആരാധകരും രാഷ്ട്രീയ നിരീക്ഷകരും ഉറ്റു നോക്കുന്നത്. പാര്‍ട്ടി എപ്പോള്‍ പ്രഖ്യാപിച്ചാലും സിനിമാ രംഗത്ത് ഈ വര്‍ഷവും സജീവമായി രംഗത്തുണ്ടാകും എന്ന് തീരുമാനിച്ചിരിക്കുകയാണ് രജനി. എആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് രജനി കരാര്‍ ഒപ്പിട്ടു കഴിഞ്ഞു. ദീപാവലി റിലീസായി ചിത്രം എത്തുമെന്നാണ് ലഭിക്കുന്ന വിവരം. ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യ വാരമോ ചിത്രീകരണം ആരംഭിക്കും. അതായത് തമിഴകവും ഇന്ത്യയാകെയും തിരഞ്ഞെടുപ്പ് ചൂടിലമരുമ്പോള്‍ സൂപ്പര്‍സ്റ്റാര്‍ രജനി തിരഞ്ഞെടുപ്പ് ഗോദയിലായിരിക്കില്ല.