News Kerala

സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് 12 പേര്‍ക്ക്; എല്ലാവരും പുറത്തുനിന്ന് വന്നവര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് 12 പേര്‍ക്ക്. കോവിഡ്-19 അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കണ്ണൂരില്‍ അഞ്ചുപേര്‍ക്കും മലപ്പുറത്ത് മൂന്നുപേര്‍ക്കും പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് പോസിറ്റീവായ എല്ലാവരും സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. വിദേശത്തുനിന്ന് വന്ന നാലുപേര്‍, മറ്റ് സംസ്ഥാനങ്ങളില്‍നിന്നു വന്ന എട്ടുപേര്‍ എന്നിങ്ങനെയാണിത്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ മഹാരാഷ്ട്ര 6, ഗുജറാത്ത് 1, തമിഴ്‌നാട് 1 എന്നിങ്ങനെയാണ് കണക്ക്. ഇന്ന് ആരുടെയും പരിശോധനാഫലം നെഗറ്റീവ് ആയിട്ടില്ല.