News Kerala

പ്രായഭേദമന്യേ സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണം, ബിന്ദു അമ്മിണി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി

ന്യൂഡല്‍ഹി: പ്രായഭേദമന്യേ സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ബിന്ദു അമ്മിണി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ശബരിമലയില്‍ പോകാനെത്തുന്ന സ്ത്രീകളുടെ പ്രായം പരിശോധിക്കുന്ന കേരളാ പോലീസിന്റെ നടപടി അടിയന്തരമായി നിര്‍ത്തലാക്കണമെന്നും ബിന്ദു അമ്മിണി ആവശ്യപ്പെടുന്നു. മാത്രമല്ല ശബരിമല കേസിലെ ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ നല്‍കിയ പുനഃപരിശോധനാ ഹര്‍ജികളില്‍ തീരുമാനമെടുക്കുന്നതിനായി വിശാല ബെഞ്ചിന് വിട്ട സുപ്രീം കോടതി വിധിയില്‍ ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാനും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും എഴുതിയ ന്യൂനപക്ഷ വിധി പത്രദൃശ്യമാധ്യമങ്ങളില്‍ കൂടി വ്യാപക പ്രചാരണം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും ബിന്ദു അമ്മിണി ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.