News Kerala

ബസില്‍ നിന്ന് ഇറക്കി വിട്ട രോഗി മരിച്ചു; ജീവനക്കാര്‍ക്കെതിരെ കേസെടുത്തു

മൂവാറ്റുപുഴ: ബസില്‍ നിന്ന് ഇറക്കി വിട്ട രോഗിയായ യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ബസ് ജീവനക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തു. വണ്ണപ്പുറം സ്വദേശി എ.ഇ.സേവ്യറാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. വണ്ണപ്പുറത്ത് നിന്ന് മൂവാറ്റുപുഴയിലേക്ക് പോകുന്നതിനാണ് സേവ്യര്‍ ബസില്‍ കയറിയത്. കുറച്ച് ദൂരം പിന്നിട്ടപ്പോള്‍ തന്നെ കുഴഞ്ഞ് വീഴുകയായിരുന്നു. ഒരു കിലോമീറ്ററിനുള്ളില്‍ ആശുപത്രിയുണ്ടായിരുന്നിട്ടും അഞ്ച് കിലോമീറ്റര്‍ പിന്നിട്ടതിന് ശേഷം ഞാറക്കാട് എന്ന സ്ഥലത്ത് നിര്‍ത്തി ഓട്ടോയില്‍ ഇയാളെ കയറ്റിവിട്ടെന്നാണ് പരാതി.