News Kerala

പുത്തുമലയിലെ ഉരുള്‍പൊട്ടലിന് കാരണം ജൈവ സമ്പത്തിന്റെ ശോഷണമാകാമെന്ന് മാധവ് ഗാഡ്ഗില്‍

 കല്‍പ്പറ്റ: വയനാട് പുത്തുമലയിലെ ഉരുള്‍ പൊട്ടലിന് കാരണം പ്രദേശത്തെ ജൈവ സമ്പത്തിന്റെ ശോഷണമാകാമെന്ന് പ്രൊഫസര്‍ മാധവ് ഗാഡ്ഗില്‍. എന്നാല്‍ വിശദമായ പഠനത്തിനു ശേഷമെ ഇക്കാര്യം ഉറപ്പാക്കാനാകൂ. ദുരന്തഭൂമി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു ഗാഡ്ഗില്‍. പുത്തുമലയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ പെയ്യുന്നതിനിടെയാണ് ഗാഡ്ഗില്‍ ദുരന്ത ഭൂമിയില്‍ എത്തിയത്. പ്രദേശത്തെ പരിസ്ഥിതിയില്‍ ധാരാളം ഇടപെടലുകള്‍ നടന്നതായി പ്രാഥമിക കാഴ്ചയില്‍ തോന്നിയതായി അദ്ദേഹം പറഞ്ഞു. ഇതു മൂലം ജൈവ സമ്പത്തില്‍ ഉണ്ടായ ശോഷണമാകാം ഉരുള്‍ പൊട്ടലിന് ഇടയാക്കിയത്. കല്‍പ്പറ്റയില്‍ സംഘടിപ്പിച്ച പൊതുപരിപാടിയില്‍ പശ്ചിമഘട്ട സംരക്ഷണവും വയനാടിന്റെ ഭാവിയും' എന്ന വിഷയത്തില്‍ 'ഗാഡ്ഗില്‍ സംസാരിച്ചു. വയനാട്ടിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് സമൂഹത്തിന്റെ നാനാതുറകളില്‍പെട്ടവര്‍ ഗാഡ്ഗിലിന്റെ വാക്കുകള്‍ കേള്‍ക്കാനെത്തി.