News Kerala

കൊറോണ: കേരളത്തിലെ ഏഴ് ജില്ലകള്‍ ഉൾപ്പെടെ രാജ്യത്തെ 75 ജില്ലകളില്‍ അടച്ചിടാന്‍ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: കേന്ദ്ര നിര്‍ദേശം അനുസരിച്ച് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സംസ്ഥാനത്തെ ഏഴ് ജില്ലകള്‍ അടച്ചിടാന്‍ നിർദേശം. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, എറണാകുളം, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് സമ്പൂര്‍ണ അടച്ചിടല്‍ വേണ്ടിവരിക. കാബിനറ്റ് സെക്രട്ടറി വിളിച്ചുചേര്‍ത്ത ചീഫ് സെക്രട്ടറിമാരുടെ യോഗത്തിലാണ് തീരുമാനമെടുത്തത്. ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് പുറത്തിറങ്ങിയിട്ടില്ല. കോവിഡ്-19 ബാധ സ്ഥിരീകരിച്ചതോ വൈറസ് ബാധയുമായി ബന്ധപ്പെട്ട അത്യാഹിതങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോ ആയ 75 ജില്ലകളില്‍ അവശ്യ സര്‍വീസുകള്‍ മാത്രം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കാനാണ് സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്ര കാബിനറ്റ് സെക്രട്ടറി ആവശ്യപ്പെട്ടിരിക്കുന്നത്.