News Kerala

സംസ്ഥാനത്ത് പുതുതായി 15 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച 15 പേര്‍ക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ കോവിഡ്-19 ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 64 ആയി. കാസര്‍കോട് അഞ്ച്, കണ്ണൂര്‍ നാല്, കോഴിക്കോട് രണ്ട്, മലപ്പുറം രണ്ട്, എറണാകുളം രണ്ട് എന്നിങ്ങനെയാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്. കോഴിക്കോട് വൈറസ് ബാധ സ്ഥീരീകരിക്കപ്പെട്ടവരില്‍ ഒരാള്‍ 42 വയസ്സുള്ള സ്ത്രീയാണ്. മാര്‍ച്ച് 19-ന് ആണ് ഇവര്‍ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. കൊടുവള്ളി സ്വദേശിനിയായ ഇവര്‍ അബുദാബിയില്‍നിന്ന് അടുത്തിടെയാണ് കേരളത്തിലെത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത് വടകര ആയഞ്ചേരി സ്വദേശിയാണ്. ഇയാള്‍ സൗദിയില്‍ നിന്ന് അടുത്തിടെയാണ് എത്തിയത്.