News Kerala

ജിഷ്ണു പ്രണോയിയുടെ രണ്ടാം ചരമവാര്‍ഷികത്തില്‍ അനുസ്മരണവുമായി സിപിഎം

കോഴിക്കോട്: ജിഷ്ണു പ്രണോയിയുടെ രണ്ടാം ചരമവാര്‍ഷിക ദിനത്തില്‍ അനുസ്മരണ പരിപാടി സംഘടിപ്പിച്ച് സിപിഎം. ജിഷ്ണുവിന്റെ വീടിനടുത്ത് നടന്ന പരിപാടിയില്‍ ജിഷ്ണുവിന്റെ അച്ഛന്‍ അശോകനും പങ്കെടുത്തു. തന്റെ മകന്റെ ജീവനെടുത്ത കൊലയാളികള്‍ ഇപ്പോഴും ഭീഷണിയുമായി നടക്കുകയാണെന്ന് ജിഷ്ണുവിന്റെ പിതാവ് പറഞ്ഞു. ജിഷ്ണു പ്രണോയുടെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഏറ്റവും അധികം ബുദ്ധിമുട്ടിച്ചത് സിപിഎമ്മിനെയായിരുന്നു. പാര്‍ട്ടി കുടുംബമായ ജിഷ്ണുവിന്റെ മാതാപിതാക്കള്‍ ആദ്യഘട്ടത്തിലെ അന്വേഷണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് രംഗത്ത് വന്നത് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. അന്ന് ജിഷ്ണുവിന്റെ വീട്ടിനടുത്ത് കോടിയേരി ബാലകൃഷ്ണനെ പങ്കെടുപ്പിച്ച് രാഷ്ട്രീയ വിശദീകരണ യോഗം പോലും സംഘടിപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് ജിഷ്ണുവിന്റെ രണ്ടാം ചരമ വാര്‍ഷിക ദിനത്തില്‍ ജിഷ്ണു പ്രണോയി അനുസ്മരണം തന്നെ സിപിഎം സംഘടിപ്പിച്ചത്.