News Kerala

ആലഞ്ചേരിക്കെതിരേ വ്യാജരേഖ: ഫാദര്‍ ടോണി കല്ലൂക്കാരനെ പ്രതിചേര്‍ത്തു

കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ വ്യാജരേഖ ചമച്ച കേസില്‍ ഫാ. ടോണി കല്ലൂക്കാരനെ പ്രതി ചേര്‍ത്തു. കേസിലെ നാലാം പ്രതിയാണ് ഫാദര്‍ കല്ലൂക്കാരന്‍. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് തൃക്കാക്കര മജിസ്ട്രറ്റ് കോടതിക്ക് പോലീസ് കൈമാറി. നിലവില്‍ ഫാ. കല്ലൂക്കാരന്‍ ഒളിവിലാണ്. വ്യാജരേഖ സൃഷ്ടിച്ചതായി കണ്ടെത്തിയ തേവര സ്വദേശിയും കോന്തുരുത്തി പള്ളി ഇടവകാംഗവുമായ ആദിത്യയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കോന്തുരുത്തി മുന്‍ സഹവികാരി കൂടിയായ ടോണി കല്ലൂക്കാരനെ കേസില്‍ പ്രതിചേര്‍ത്തിട്ടുള്ളത്. അതേസമയം മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ടോണി കല്ലൂക്കാരന്‍ കോടതിയെ സമീപിച്ചു. നേരത്തെ അറസ്റ്റിലായ ആദിത്യയെ മൂന്നുദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ട് പോലീസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഈ അപേക്ഷയില്‍ കേസിലെ നാലാം പ്രതിയായി ഫാ. ടോണി കല്ലൂക്കാരനെ ചേര്‍ത്ത കാര്യവും വ്യക്തമാക്കുന്നുണ്ട്. നേരത്തെ ഭൂമി വിവാദവുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്കെതിരെ തൃക്കാക്കര മജിസ്‌ട്രേട്ട് കോടതി അന്വേഷണം നിര്‍ദേശിച്ചിരുന്നു. ഈ അന്വേഷണം എറണാകുളം സെഷന്‍ കോടതി സ്‌റ്റേ ചെയ്തിട്ടുമുണ്ട്.