News Kerala

ശബരിമല സംഘര്‍ഷ ഭൂമിയാക്കുന്നതിനെതിരെ പമ്പയില്‍ പാട്ടുപാടി പ്രതിഷേധം

 പമ്പ: ശബരിമല സംഘര്‍ഷ ഭൂമിയാക്കുന്നതിനെതിരെ പമ്പയില്‍ പാട്ടുപാടി പ്രതിഷേധം. തൃശൂര്‍ സ്വദേശി ഗിന്നസ് നസീറാണ് ഏഴു മണിക്കൂര്‍ നീണ്ട സംഗീത പരിപാടി അവതരിപ്പിച്ചത്. ജാതി മത ചിന്തകള്‍ക്കപ്പുറത്ത് പരസ്പര സാഹോദര്യമാണ് വേണ്ടതെന്ന് നസീര്‍ പാട്ടിലൂടെ വ്യക്തമാക്കുന്നു. അഞ്ജനേയ ഓഡിറ്റോറിയത്തില്‍ നസീര്‍ ഭക്തി നിര്‍ഭരമായി അയ്യപ്പ ഗാനങ്ങള്‍ പാടിയപ്പോള്‍, തീര്‍ഥാടകരുടെ മനം നിറഞ്ഞു. ജാതി മത രാഷ്ട്രീയ മുതലെടുപ്പുകള്‍ക്ക് ശബരിമല വിഷയമാകരുത് എന്നാണ് പമ്പയിലെ പ്രതിഷേധത്തിലൂടെ നസീര്‍ വ്യക്തമാക്കുന്നത്. തെരുവ് നായ വിഷയത്തിലും, നിലമ്പൂര്‍നഞ്ചന്‍കോഡ് റെയില്‍വേ പാത യാഥാര്‍ത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ടുമെല്ലാം വിവിധ വേദികളില്‍ നസീര്‍ പ്രതിഷേധിച്ചുണ്ട്. 103 മണിക്കൂര്‍ തുടര്‍ച്ചയായി ഗാനം ആലപിച്ചാണ് നസീര്‍ ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചത്.