News Kerala

ഹര്‍ത്താല്‍ അതീവഗുരുതര പ്രശ്‌നമാണെന്ന് ഹൈക്കോടതി

കൊച്ചി: ഹര്‍ത്താല്‍ അതീവഗുരുതര പ്രശ്‌നമാണെന്ന് ഹൈക്കോടതി. ഒരു വര്‍ഷം 97 ഹര്‍ത്താല്‍ കേരളത്തില്‍ പലയിടങ്ങളിലായി നടന്നു എന്ന് വിശ്വസിക്കാന്‍ തന്നെ കഴിയുന്നില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ഹര്‍ത്താലിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കവേയാണ് കോടതിയുടെ ഈ പരാമര്‍ശം. ഹൈക്കോടതിയുടെയും സുപ്രീംകോടതിയും ഇത്തരത്തിലുള്ള ജനവിരുദ്ധ സമരങ്ങള്‍ക്കെതിരെ പല ഉത്തരവുകളും പുറപ്പെടുവിച്ചിട്ടുള്ളതാണ്. പക്ഷേ അവയൊന്നും കാര്യമായ പരിഹാരമുണ്ടാക്കിയില്ല. ഈ സാഹചര്യത്തില്‍ ഹര്‍ത്താലിനെതിരെ സര്‍ക്കാര്‍ എന്ത് നിലപാടെടുത്തു എന്ന് വിശദീകരിക്കണം. വ്യാപാരികള്‍ അടക്കം ഉന്നയിച്ച പ്രശ്‌നങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് എന്താണ്. അവര്‍ക്ക് സംരക്ഷണം കൊടുക്കാന്‍ കഴിയുമോ എന്നും കോടതി ചോദിച്ചു. സര്‍ക്കാര്‍ നടപടികൊണ്ട് പരിഹാരമാകുമോ. സംസ്ഥാനത്തിന് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്ന വിഷയം കൂടിയാണിത്. ഗുരുതരമായ സ്ഥിതിവിശേഷമാണുണ്ടായിരിക്കുന്നത്. ഹര്‍ത്താലിനെതിരായ ജനവികാരം കാണുന്നില്ലേ എന്നും കോടതി ചോദിച്ചു.