News Kerala

ഹാരിസ് മരിച്ചത് ഹൃദയസ്തംഭനം വന്ന്; ആരോപണങ്ങള്‍ തള്ളി കളമശ്ശേരി മെഡിക്കല്‍ കോളേജ്

കൊച്ചി: സ്ഥാപനത്തെ തകര്‍ക്കുക എന്നതാണ് വ്യാജപ്രചാരണങ്ങളുടെ ലക്ഷ്യമെന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജ് അധികൃതര്‍. മെഡിക്കള്‍ കോളേജില്‍ കോവിഡ് ബാധിതനായ ഹാരിസ് മരിച്ച സംഭവത്തില്‍ ഉയര്‍ന്ന ആരോപണങ്ങളില്‍ വിശദീകരണം നല്‍കുകയായിരുന്നു പ്രിന്‍സിപ്പാള്‍ ഡോ.സതീശ് അടക്കമുള്ള ആശുപത്രി അധികാരികള്‍. ആശുപത്രിയിലെ നഴ്‌സിങ് സൂപ്പര്‍വൈസറുടേയും ഡോക്ടറുടേയും വെളിപ്പെടുത്തലുകളെ അധികൃതര്‍ തള്ളി. 19ാം തിയതിയാണ് കുവൈത്തില്‍ നിന്ന് ഹാരിസ് എത്തിയത്. ഒരാഴ്ച അസുഖമായി വീട്ടില്‍ തന്നെയായിരുന്നു അദ്ദേഹം. 25നാണ് കോവിഡ് പോസിറ്റീവായത്. 26ാം തിയതിയാണ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. വളരെ ഗുരുതരാവസ്ഥയിലാണ് അദ്ദേഹത്തെ ഇങ്ങോട്ടേക്ക് കൊണ്ടുവന്നത്. അമിത വണ്ണമുള്ളയാളാണ്. അതുകൊണ്ട് തന്നെ ഓക്‌സിജന്റെ ലെവല്‍ പൊതുവെ കുറവാണ്. കടുത്ത പ്രമേഹവും ഉള്ളയാണ്. കോവിഡ് രോഗം മൂര്‍ച്ഛിച്ച അവസ്ഥയിലുമായിരുന്നു. വന്നത് 24 ദിവസം മനുഷ്യസാധ്യമായ എല്ലാ ചികിത്സകളും അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്. ന്യൂമോണിയ അതീവ ഗുരുതരാവസ്ഥയിലേക്കെത്തി നില്‍ക്കുന്ന ഘട്ടത്തിലാണ് ഹാരിസിന് പെട്ടെന്ന് ഹൃദയാഘാതം സംഭവിക്കുന്നത്. ഉറക്കത്തില്‍ കൂര്‍ക്കം വലിച്ച് ഓക്‌സിജന്‍ താഴ്ന്ന് പോകുന്ന അവസ്ഥയുള്ള ആളായിരുന്നു അദ്ദേഹമെന്നും വൈസ്.പ്രിന്‍സിപ്പാള്‍ പറഞ്ഞു.