News Kerala

തോമസ് പോള്‍ റമ്പാനെ അറസ്റ്റ് ചെയ്ത് നീക്കി; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കോതമംഗലം: കോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം ചെറിയ പള്ളിയില്‍ പ്രവേശിക്കാനെത്തിയ തോമസ് പോള്‍ റമ്പാനെ അറസ്റ്റ് ചെയ്ത് നീക്കി. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് റമ്പാനെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ജില്ലാ കളക്ടറുടെ നിര്‍ദേശ പ്രകാരമാണ് പോലീസ് നടപടി. പോലീസ് നടപടിയോടെ കോതമംഗലം ചെറിയ പള്ളിയിലെ സംഘര്‍ഷാവസ്ഥയ്ക്ക് വലിയ അയവു വന്നിട്ടുണ്ട്. നേരത്തെ റമ്പാനെതിരെ യാക്കോബായ വിശ്വാസികള്‍ വന്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. അതേസമയം തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ശാരീരിക ബുദ്ധിമുട്ടുകളില്ലെന്നും തോമസ് റമ്പാന്‍ പ്രതികരിച്ചു. കളക്ടര്‍ നിര്‍ദേശിച്ചതിനാല്‍ ആശുപത്രിയിലേക്ക് പോകുകയാണെന്നും നിയമ പോരാട്ടങ്ങളുമായി മുന്നോട്ടുപോകുമെന്നും റമ്പാന്‍ കൂട്ടിച്ചേര്‍ത്തു.