News Kerala

എറണാകുളം ലോ കോളേജില്‍ വന്‍ സംഘര്‍ഷം; എസ്.എഫ്.ഐ, കെ.എസ്.യു പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

കൊച്ചി : എറണാകുളം ലോ കോളേജില്‍ എസ്.എഫ്.ഐ, കെ.എസ്.യു പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഇരുസംഘടനകളിലെയും ഒട്ടേറെ വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ എസ്.എഫ്.ഐ. യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലോ കോളേജില്‍ പുല്‍വാമ അനുസ്മരണം നടത്തിയിരുന്നു. അതേസമയം കെ.എസ്.യു. ഒരു തീറ്റമത്സരവും സംഘടിപ്പിച്ചിരുന്നു. ഈ രണ്ടു പരിപാടികളും ഒരേസമയത്ത് നടത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. തങ്ങള്‍ നടത്തുന്ന പരിപാടിയിലേക്ക് എസ്.എഫ്.ഐക്കാര്‍ ഇരച്ചുകയറുകയായിരുന്നു എന്ന് കെ.എസ്.യു.പ്രവര്‍ത്തകര്‍ പറയുന്നു. അതേസമയം തങ്ങളെ ആക്രമിക്കാന്‍ കെ.എസ്.യുക്കാര്‍ പുറത്തുനിന്ന് ആളെ ഇറക്കിയെന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആരോപിക്കുന്നുണ്ട്. വലിയ സംഘര്‍ഷമാണ് ലോ കോളേജ് കാമ്പസിനുളളില്‍ നടന്നത്. ഇരുകൂട്ടരും പട്ടിക കഷ്ണങ്ങളും ബാറ്റും സ്റ്റമ്പുമുപയോഗിച്ച് ഏറ്റുമുട്ടുകയായിരുന്നു. ഇരുസംഘടനകളിലെയും വിദ്യാര്‍ഥികള്‍ക്ക് അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്.