News Kerala

രണ്ടാം ദിനത്തിലെ പൊളിക്കല്‍ നടപടി ക്രമങ്ങള്‍ തുടങ്ങി

കൊച്ചി: മരടിലെ ശേഷിക്കുന്ന രണ്ട് ഫ്‌ളാറ്റുകള്‍ തകര്‍ക്കുന്നതിനുള്ള നടപടികള്‍ തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം. ഫ്‌ളാറ്റുകളുടെ സമീപത്തുള്ളവരോട് വീടുകളിലെത്തി പോലീസ് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടുതുടങ്ങി. ഫ്‌ളാറ്റുകളുടെ 200 മീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ ആളുകളും ഒമ്പതുമണിക്ക് മുമ്പ് സ്ഥലത്തുനിന്ന് മാറണമെന്ന് പോലീസ് നേരത്തെ അറിയിച്ചിരുന്നതാണ്. അതിനാല്‍ ഇവര്‍ സ്ഥലത്തുനിന്ന് മാറിയിട്ടുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ പോലീസ് പരിശോധന നടത്തും. ഇതിന് ശേഷമാണ് മറ്റ് നടപടിക്രമങ്ങളിലേക്ക് കടക്കുക. 10.30നാണ് ആദ്യ സൈറണ്‍ മുഴക്കുക. പിന്നീട് 10.55 ന് രണ്ടാമത്തെ സൈറണ്‍ മുഴക്കും. 11 മണിയോടെ മൂന്നാമത്തെ സൈറണ്‍ മുഴങ്ങുന്നതോടെ ഇന്ന് ആദ്യം പൊളിക്കാന്‍ നിശ്ചയിച്ചിരിക്കുന്ന ജെയ്ന്‍ കോറല്‍കോവ് തകര്‍ക്കാനുള്ള സ്‌ഫോടനം നടക്കും.