News Kerala

108 ആംബുലന്‍സ് നടത്തിപ്പിന് കരാര്‍ ഏറ്റെടുക്കുന്ന സ്വകാര്യകമ്പനിക്ക് കൊള്ള ലാഭം

തിരുവനന്തപുരം: 108 ആംബുലന്‍സ് നടത്തിപ്പിന് കരാര്‍ ഏറ്റെടുക്കുന്ന സ്വകാര്യകമ്പനിക്ക് ലഭിക്കുന്നത് കൊളളലാഭം. ആദ്യടെണ്ടറില്‍ 47കോടി രൂപയായി നിശ്ചയിച്ച വാര്‍ഷിക ചെലവ് പിന്നീട് സര്‍ക്കാര്‍ 83 കോടിയാക്കിയതാണ് കരാറുകാരന് അമിതലാഭത്തിന് വഴിയൊരുക്കിയത്. ആംബുലന്‍സുകള്‍ നിരത്തിലിറക്കാനുളള സമയം ദീര്‍ഘിപ്പിച്ചും സര്‍ക്കാര്‍ കമ്പനിയെ സഹായിച്ചു. ആംബുലന്‍സുകളുടെ എണ്ണമോ മറ്റുസൗകര്യങ്ങളോ വര്‍ദ്ധിപ്പിക്കാതെ തന്നെ ചെലവ് തുക കൂട്ടി നല്‍കുമ്പോള്‍ കമ്പനിക്ക് ലാഭം ഇരട്ടിയാകും. ചോരുന്നത് സര്‍ക്കാരിന്റെ പണവും. കരാര്‍ ലഭിച്ചാല്‍ ആംബുലന്‍സുകള്‍ നിരത്തിലിറക്കേണ്ട കാലപരിധിയിലും കമ്പനിക്കായി മാറ്റി നല്‍കി. 315 ആംബുലന്‍സുകളും മൂന്ന് മാസത്തിനകം നിരത്തിലിറക്കണമെന്ന ആദ്യ ടെണ്ടറിലെ വ്യവസ്ഥ 120 ദിവസമെന്നാണ് തിരുത്തിയത്. അവിടെ കമ്പനിക്ക് ലാഭം ഒരുമാസം. പിന്നീട് ഭേദഗതി നോട്ടീസിറക്കി 120 ദിവസത്തിനകം 200 ആംബുലന്‍സുകളും ബാക്കി 115 ആംബുലന്‍സുകള്‍ 180 ദിവസത്തിനകവും നിരത്തിലിറക്കണം എന്നും വ്യവസ്ഥ ഉദാരമാക്കി. 200 വാഹനങ്ങള്‍ സര്‍വീസ് നടത്തി ലഭിക്കുന്ന തുകകൊണ്ട് കമ്പനിക്ക് പിന്നീടാവശ്യമുള്ളവ വാങ്ങാം. കരാര്‍ കാലാവധി 5 കൊല്ലമായി കൂട്ടിക്കൊടുത്തും കെ.എം.എ.എസ്.സി.എല്‍ കമ്പനിയെ സഹായിച്ചു മാതൃഭൂമി ന്യൂസ് അന്വേഷണം തുടരുന്നു 'വില്‍ക്കരുതേ 108'.