News Kerala

ഓപ്പറേഷന്‍ നൈറ്റ് റൈഡുമായി സര്‍ക്കാര്‍; കല്ലടയുടേത് ഉള്‍പ്പടെ 46 ബസുകള്‍ക്ക് പിഴ

തിരുവനന്തപുരം: പെര്‍മിറ്റ് ചട്ടങ്ങള്‍ ലംഘിക്കുന്ന ബസുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. കല്ലടയുടെ മൂന്ന് ബസുകള്‍ ഉള്‍പ്പടെ 46 ബസുകള്‍ക്ക് 5000 രൂപവീതം പിഴ ചുമത്തി. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ബുക്കിങ് ഏജന്‍സികള്‍ക്ക് നോട്ടീസ് നല്‍കി. ഓപ്പറേഷന്‍ നൈറ്റ് റൈഡിന്റെ ഭാഗമായാണ് ഇപ്പോള്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടികള്‍ ഉണ്ടായിരിക്കുന്നത്. വിവിധ ചെക്ക് പോസ്റ്റുകളില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് പെര്‍മിറ്റ് ചട്ടം ലംഘിച്ച 46 ബസുകള്‍ക്കെതിരെ നടപടിയെടുത്തത്. യാത്രക്കാരില്‍ നിന്ന് അമിത നിരക്ക് ഈടാക്കുകയും സാധനങ്ങള്‍ കടത്തുകയും ചെയ്യുന്ന ബസുകള്‍ക്കാണ് നടപടി ഉണ്ടായിരിക്കുന്നത്. ഇനിയും സമാനമായ ചട്ടലംഘനങ്ങള്‍ ഇവരില്‍ നിന്ന് ഉണ്ടായാല്‍ പെര്‍മിറ്റ് റദ്ദാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നു മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി.