News Kerala

ദേശീയ പണിമുടക്ക് ഹര്‍ത്താലിന് സമാനം; തീവണ്ടി തടഞ്ഞു, ട്രെയിന്‍ ഗതാഗതം താറുമാറായി

തിരുവനന്തപുരം: തൊഴിലാളി സംഘടനകള്‍ ദേശവ്യാപകമായി നടത്തുന്ന രണ്ടു ദിവസത്തെ പണിമുടക്ക് തുടരുന്നു. കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും സര്‍വീസുകള്‍ നടത്തുന്നില്ല. പമ്പയിലേക്കുള്ള കെഎസ്ആര്‍ടി സര്‍വീസുകള്‍ മാത്രമാണ് ഇപ്പോള്‍ നടത്തുന്നത്. തിരുനന്തപുരത്ത് സമരക്കാര്‍ ട്രെയിനുകള്‍ തടഞ്ഞു. പരശുറാം,വേണാട്, രപ്തി സാഗര്‍, ജനശതാബ്ദി എന്നീ ട്രെയിനുകളാണ് സമരക്കാര്‍ തടഞ്ഞത്. ചെന്നൈ തിരുവനന്തപുരം മെയില്‍ തൃപ്പൂണിത്തറയിലും തടഞ്ഞു. സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയാണ് ട്രെയിനുകള്‍ കടത്തി വിട്ടത്. അഞ്ചു മണിക്ക് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട വേണാട് എക്‌സ്പ്രസ് ഒന്നര മണിക്കൂര്‍ വൈകി ആറരയോടെയാണ് പുറപ്പെട്ടത്. മറ്റു വണ്ടികളും വൈകിയാണ് ഓടുന്നത്. രാവിലെ തിരുവനന്തപുരത്ത് മാത്രമാണ് ട്രെയിന്‍ തടഞ്ഞതെങ്കിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ട്രെയിനുകള്‍ തടയുമെന്ന് സമരക്കാര്‍ അറിയിച്ചിട്ടുണ്ട്.