News Kerala

പേരാമ്പ്ര കല്ലേറ്: ആര്‍എസ്എസിന്റെ പ്രേരണയിലാണ് പോലീസിന്റെ എഫ്‌ഐആര്‍ എന്ന് ഇ.പി.ജയരാജന്‍

തിരുവനന്തപുരം: പേരാമ്പ്രയിലെ മുസ്‌ലിം പള്ളിക്ക് നേരെയുണ്ടായ കല്ലേറില്‍ പോലീസ് തയ്യാറാക്കിയ എഫ്.ഐ.ആറിനെതിരെ മന്ത്രി ഇ.പി.ജയരാജന്‍ രംഗത്ത്. പേരാമ്പ്രയിലെ പള്ളി ഒരു കാരണവശാലും അക്രമിക്കപ്പെടാന്‍ പാടില്ല. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ശക്തമായ നടപടി സ്വീകരിക്കും. അവിടെ ആര്‍എസ്എസുകാരാണ് പള്ളിക്ക് നേരെ കല്ലെറിഞ്ഞത്. ശരിയായ നിരീക്ഷണം അവിടെ നടന്നിട്ടില്ല. ചില ആര്‍എസ്എസുകാരുടെ പ്രേരണകള്‍ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആര്‍എസ്എസിന്റെ ക്യാമ്പുമായി ബന്ധമുള്ള ചില പോലീസ് ഓഫീസര്‍മാര്‍ അവിടെയുണ്ട്. സംഭവം ബോധപൂര്‍വം തെറ്റായി വഴിതിരിച്ചുവിടാന്‍ ശ്രമം നടന്നിട്ടുണ്ട്. സര്‍ക്കാര്‍ ഇത് ഗൗരവത്തിലെടുക്കും. സാധാരണഗതിയില്‍ സംഭവിക്കാത്തൊരു കാര്യം എഴുതി ചേര്‍ത്ത് എഫ്‌ഐആര്‍ നല്‍കിയിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്. അത് ഒരു ആലോചനയുടെ ഭാഗമായിട്ട് വന്നതാണ്. ഇത് പരിശോധിക്കുമെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോടായിരുന്നു മന്ത്രിയുടെ പ്രതികരണം.