പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് അന്വേഷണം സിബിഐക്ക് കൈമാറി
കൊച്ചി: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് അന്വേഷണം സിബിഐക്ക് കൈമാറിക്കൊണ്ട് ഹൈക്കോടതി ഉത്തരവ് പുറത്തിറങ്ങി. പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ബഡ്സ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 1368 കേസുകളാണ് സിബിഐക്ക് കൈമാറിയത്. സിബിഐ അടിയന്തിരമായി കേസന്വേഷണം ഏറ്റെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. നേരത്തെ കേസന്വേഷണം ഏറ്റെടുക്കാന്‍ സിബിഐ വിമുഖത പ്രകടിപ്പിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ കേസ് സിബിഐക്ക് കൈമാറിക്കൊണ്ട് ഉത്തരവിറക്കിയിരുന്നെങ്കിലും കേസ് ഏറ്റെടുക്കാന്‍ കഴിയില്ലെന്ന നിലപാടാണ് സിബിഐ ഹൈക്കോടതിയെ അറിയിച്ചത്. എന്നാല്‍ ഈ നിലപാട് തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.