News Kerala

ശബരിമല വിശാല ബെഞ്ച് നിലനില്‍ക്കുമെന്ന് സുപ്രീംകോടതി; തിങ്കളാഴ്ച മുതല്‍ വാദം കേള്‍ക്കും

ന്യൂഡല്‍ഹി: ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഗണിക്കുന്നതിന് വിശാല ബെഞ്ചിന് സാധുതയുണ്ടെന്ന് സുപ്രീംകോടതി. വിശാല ബെഞ്ചുണ്ടാക്കിയതിനെ ചോദ്യംചെയ്ത് ഫാലി എസ്.നരിമാന്‍ അടക്കമുള്ള ചില മുതിര്‍ന്ന അഭിഭാഷകര്‍ രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തിലാണ് സുപ്രീംകോടതി വ്യക്തത വരുത്തിയിരിക്കുന്നത്. തിങ്കളാഴ്ച മുതല്‍ വിശാല ബെഞ്ച് ദൈനംദിന വാദം കേള്‍ക്കും. വിശാല ബെഞ്ചിന് മുമ്പാകെ ഏഴ് വിഷയങ്ങള്‍ പരിഗണിക്കാനും തീരുമാനിച്ചു. 1 - മതസ്വാതന്ത്ര്യത്തിന്റെ വ്യാപ്തിയും ലക്ഷ്യവും എന്താണ്?, 2 - മതസ്വാതന്ത്ര്യവും മതവിഭാഗങ്ങളുടെ വിശ്വാസ സ്വാതന്ത്ര്യവും തമ്മിലുള്ള ബന്ധം എന്താണ്?, 3-മതവിഭാഗങ്ങളുടെ അവകാശങ്ങള്‍ മൗലികാവകാശങ്ങള്‍ക്ക് വിധേയമാണോ? 4 - മതാനുഷ്ടാനങ്ങളില്‍ എന്താണ് ധാര്‍മ്മികത?, 5-മതസ്വാതന്ത്ര്യത്തിന്റെ കാര്യങ്ങളില്‍ ജുഡീഷ്യല്‍ അവലോകനത്തിന്റെ സാധ്യത എന്താണ്?, 6-ഭരണഘടനാ അനുച്ഛേദം 25 (2) (ബി) പ്രകാരം 'ഹിന്ദുക്കളിലെ ഒരു വിഭാഗം' എന്നതിന്റെ അര്‍ത്ഥം എന്താണ്?, 7-ഒരു മതവിഭാഗത്തിലും പെടാത്ത ഒരാള്‍ക്ക് ഏതെങ്കിലും മതവിഭാഗത്തിന്റെ രീതികളെ ചോദ്യം ചെയ്ത് ഒരു പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിക്കാന്‍ കഴിയുമോ?