News Kerala

കാലിന്റെ നഷ്ടത്തിനും തോൽപ്പിക്കാൻ കഴിഞ്ഞില്ല, ഇരു ചക്രങ്ങൾ കൊണ്ടു ലോകത്തെ കീഴടക്കാൻ ശ്യാം

കോവിഡ് കാലത്തെ വിരസതയും മടുപ്പും മൂലം വിഷാദത്തിലാണോ നിങ്ങൾ. എന്നാൽ ഈ കോവിഡ് കാലത്തും വെല്ലുവിളികളെ ഒറ്റക്കാലിൽ ചവിട്ടി മുന്നേറുന്ന ഒരു 20 വയസുകാരനെ പ്രചോദനമാക്കാം. തിരുവനന്തപുരം കാട്ടാകട സ്വദേശി ശ്യാംകുമാർ തന്റെ പ്രിയ വിനോദമായ സൈക്ലിങ്ങിനെ ഈ കോവിഡ് കാലത്തും നെഞ്ചോട് ചേർക്കുന്നു. മുറിച്ചു മാറ്റിയ വലതു കാലിനു പകരം കൃത്രിമ കാലുമായി സൈക്കിളിൽ കിലോമീറ്ററുകളോളമാണ് ശ്യാംകുമാർ സഞ്ചരിക്കുന്നത്. ഒട്ടേറെ അപൂർവതകളോടെ് ജനിച്ചയാളാണ് ശ്യാംകുമാർ. വലതു കാൽ നടുഭാഗവുമായി ഒട്ടിച്ചേർന്നു മടങ്ങിയ നിലയിൽ, മൂന്നു വൃക്കകൾ, മൂത്രം പോകാൻ ബുദ്ധിമുട്ട്. ജനിച്ചിട്ട് 19 -ാം ദിവസം സർജറി. പിന്നെ എട്ടാം വയസിൽ വലതു കാൽ മുറിച്ചു മാറ്റി. മൂന്നു വൃക്കകൾ ഉണ്ടെങ്കിലും അവയുടെ പ്രവർത്തനം 23 ശതമാനത്തിൽ താഴെ. ഡയാലിസിസിനുവേണ്ടി അഡാപ്റ്ററും പിടിപ്പിച്ചിട്ടുണ്ട്. ദിവസവും മുപ്പത്തിനുമേൽ ഗുളികകൾ കഴിക്കാന്നുണ്ട്. ഇതുവരെ 14 ശസ്ത്രക്രിയകൾ. എന്നാൽ ഈ പരിമിതികളാണ് ശ്യാമിന്റെ ഊർജവും. ജീവിതത്തെ മത്സരിച്ച് തോൽപ്പിക്കുന്ന ഈ 20 കാരനെയാണ് കോവിഡ് കാലത്തെ വിരസതയും മടുപ്പും പറയുന്ന നമ്മൾ മാതൃകയാക്കേണ്ടത്.