News Kerala

നിരോധനാജ്ഞ ലംഘിച്ചു; ബി. ഗോപാലകൃഷ്ണന്‍ അടക്കമുള്ള ബിജെപി നേതാക്കള്‍ അറസ്റ്റില്‍

നിലയ്ക്കല്‍: നിരോധനാജ്ഞ ലംഘിച്ച ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍ അടക്കമുള്ളവരെ നിലയ്ക്കലില്‍ പോലീസ് അറസ്റ്റ് ചെയ്തു. ഒരു സുരേന്ദ്രന്‍ മാത്രമല്ല അറസ്റ്റ് വരിക്കുകയെന്നും ബിജെപിയില്‍ ആയിരക്കണക്കിന് സുരേന്ദ്രന്‍മാര്‍ നിരോധനാജ്ഞ ലംഘിച്ച് അറസ്റ്റ് വരിക്കുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. ബി. ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെ ഒമ്പത് പ്രവര്‍ത്തകരെയാണ് നിരോധനാജ്ഞ ലംഘിച്ച കുറ്റത്തിന് അറസ്റ്റ് ചെയ്തത്. നിലയ്ക്കലിന് മുന്ന് കിലോമീറ്റര്‍ അകലെ ഇലവുങ്കലില്‍ വച്ച് പോലീസ് ഇവരെ പരിശോധിച്ച് പേരുവിവരങ്ങള്‍ ശേഖരിച്ചിരുന്നു. രണ്ട് വാഹനങ്ങളിലാണ് ഇവര്‍ എത്തിയത്. ആറുമണിക്കൂറിനകം ദര്‍ശനം നടത്തി തിരികെ ഇറങ്ങണമെന്ന നിര്‍ദ്ദേശം അടങ്ങിയ നോട്ടീസ് കൈപ്പറ്റണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. നോട്ടീസ് കൈപ്പറ്റിയാല്‍ ശബരിമല ദര്‍ശനത്തിന് പോകാന്‍ അനുമതി നല്‍കാമെന്ന് പോലീസ് അറിയിക്കുകയും ചെയ്തിരുന്നു.