News Kerala

വിശപ്പടക്കാന്‍ മകന്‍ മണ്ണുവാരി തിന്നു; പട്ടിണി സഹിക്കവയ്യാതെ അമ്മ മക്കളെ ശിശുക്ഷേമ സമിതിക്ക് കൈമാറി

തിരുവനന്തപുരം: പട്ടിണി സഹിക്കാന്‍ കഴിയാതെ പെറ്റമ്മ മക്കളെ ശിശുക്ഷേമ സമിതിക്ക് കൈമാറി. തിരുവനന്തപുരം കൈതമുക്കില്‍ റെയില്‍വേ പുറമ്പോക്കില്‍ താമസിക്കുന്ന സ്ത്രിയാണ് മക്കളെ ശിശുക്ഷേമ സമിതിയെ സംരക്ഷിക്കാനേല്‍പ്പിച്ചത്. ഇവരുടെ ആറുമക്കളില്‍ നാലുപേരെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. വിശപ്പ് സഹിക്കാന്‍ കഴിയാതെ ഇവരുടെ ഒരു കുട്ടി മണ്ണ് തിന്ന് വിശപ്പടക്കിയതായും ശിശുക്ഷേമ സമിതിക്ക് നല്‍കിയ അപേക്ഷയില്‍ അമ്മ പറയുന്നു. അത്രയ്ക്ക് ദയനീയമായ അവസ്ഥയിലാണ് ഈ കുടുംബം താമസിക്കുന്നത്. ടാര്‍പോളിന്‍ കെട്ടി മറച്ച കുടിലിലാണ് അമ്മയും ആറു കുട്ടികളും സ്ത്രീയുടെ ഭര്‍ത്താവും താമസിക്കുന്നത്. സ്ത്രീയുടെ ഭര്‍ത്താവ് കൂലിപ്പണിയെടുത്ത് ലഭിക്കുന്ന വരുമാനത്തിലാണ് ഈ കുടുംബം കഴിയുന്നത്. എന്നാല്‍ ഇയാള്‍ മദ്യപിച്ച് വന്ന് കൂട്ടികളെ മര്‍ദ്ദിക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ഇവര്‍ ശിശുക്ഷേമ സമിതിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് നേരത്തേ തന്നെ പരാതി ഉയര്‍ന്നിരുന്നു.