News Movies and Music

അരുതുകള്‍ക്കെതിരെ 'എ' എന്ന ഹ്രസ്വചിത്രം

ഓരോ പെണ്‍കുട്ടിയുടെയും ജീവിതത്തില്‍ അരുതുകളുടെ ഒരു മഹാ വലയുണ്ട്. ആ വലയില്‍ നിന്ന് എങ്ങനെയാണവള്‍ക്ക് കെട്ടു പൊട്ടിച്ച് പുറത്തിറങ്ങാന്‍ കഴിയുക എന്ന് വീണ്ടും നമ്മെ ചിന്തിപ്പിക്കുകയാണ് എബി ജോസഫ് എല്‍ ഡോറാഡോ സംവിധാനം ചെയ്ത 'എ' എന്ന ഹ്രസ്വചിത്രം. എബി ജോസഫ് എല്‍ ഡോറാഡോ സംവിധാനം ചെയ്ത പതിനഞ്ച് മിനിട്ടുള്ള ഈ ചെറു സിനിമയില്‍ അഗ്‌നി എന്ന് പേരുള്ള പെണ്‍കുട്ടിയുടെ കഥയാണ് പറയുന്നത്. മിടുക്കിയായ അത്‍ലീറ്റാണ് അഗ്‌നി. എന്നാല്‍ സ്‌കൂളില്‍ നടക്കുന്ന ഓട്ട മത്സരത്തില്‍ പങ്കെടുക്കാന്‍ 'അമ്മ അവളെ അനുവദിക്കുന്നില്ല. പീരീഡ്‌സിന്റെ രണ്ടാമത്തെ ദിവസമായതിനാല്‍ അവള്‍ക്കുണ്ടായേക്കാവുന്ന തളര്‍ച്ചയിലും ക്ഷീണത്തിലും 'അമ്മ പതിവ് പോലെ ആകുലയാണ്. ആര്‍ത്തവം എന്ന സ്‌ത്രൈണ സ്വഭാവത്തെ അതോടെ അവള്‍ പൂര്‍ണമായും വെറുക്കാന്‍ പഠിക്കാനൊരുങ്ങുകയാണ്. ആര്‍ത്തവം സ്ത്രീയുടെ ജീവിതത്തില്‍ അതി സാധാരണമായ ഒന്നാണെന്നിരിക്കെ ഇപ്പോഴും പല കുടുംബങ്ങളും മരണങ്ങളിലും ആത്മീയതകളിലുമൊക്കെ ആര്‍ത്തവത്തിലുള്ള പെണ്‍കുട്ടികളെ ഒഴിവാക്കി നിര്‍ത്താറുണ്ട്. വിവാഹത്തില്‍ പങ്കെടുക്കുമ്പോള്‍ എല്ലാവരുടെയും കൂടെയല്ലാതെ മാറിയിരുന്നു ഭക്ഷണം കഴിക്കുന്ന പെണ്‍കുട്ടികളുണ്ട്. ഒരു കുടുംബം ഒന്നാകെ അത് അവളോട് ആവശ്യപ്പെടുമ്പോള്‍ അവള്‍ ഒരു സമൂഹത്തിന്റെ മുന്നില്‍ അനുഭവിക്കുന്ന ഒറ്റപ്പെടലും അപമാനവും എത്ര വലുതാണ് ഇതൊക്കെ ആചാരത്തിന്റെയും അനുഷ്ടാനത്തിന്റെയും ഭാഗമായി പറഞ്ഞു വയ്ക്കുമ്പോള്‍ അതൊന്നും സ്വീകരിക്കാന്‍ പുതിയ കാലത്തേ പെണ്‍കുട്ടികള്‍ തയാറല്ല എന്നാണ് അഗ്‌നി എന്ന പെണ്‍കുട്ടി പറയുന്നത്. സ്വപ്‌നങ്ങള്‍ പോലും കാണാതെ സമൂഹം കെട്ടിയ അദൃശ്യ വലകളില്‍ കുടുങ്ങിക്കിടക്കുകയാണ് ഇപ്പോഴും പലയിടത്തും പെണ്‍കുട്ടികള്‍. അഗ്‌നിയെപ്പോലെ യാഥാര്‍ഥ്യം തിരിച്ചറിയുന്ന പെണ്‍കുട്ടികള്‍ ഉണ്ടായി വരുന്നു എന്നതുകൊണ്ടു തന്നെയാണ് 'എ' എന്ന ഈ ചെറു സിനിമ വിജയിക്കുന്നത്. പക്ഷെ എത്ര പെണ്‍കുട്ടികള്‍ക്ക് അഗ്‌നിയാവാന്‍ കഴിയും എന്നതാണ് ചോദ്യം. അഗ്‌നി എന്ന പേര് പോലും ഒരു കലഹമാണ്. പെണ്‍കുട്ടികള്‍ നേരിടുന്ന പല വിധത്തിലുള്ള അനീതികള്‍ക്കെതിരെയുള്ള ഒരു ഊര്‍ജപ്പെടുത്തലാണ്.