News Movies and Music

ദീപിക പദുകോണ്‍ അഭിനയിച്ച പരസ്യ ചിത്രം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു

ദീപിക പദുകോണ്‍ അഭിനയിച്ച പരസ്യ ചിത്രം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. ഭിന്ന ശേഷിക്കാര്‍ക്ക് വേണ്ടി തയ്യാറാക്കിയ പരസ്യ ചിത്രമാണ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചത്. ദീപിക പദുകോണിന്റെ ജെ.എന്‍.യു സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ സ്‌കില്‍ ഇന്ത്യയുടെ പ്രമോഷണല്‍ വീഡിയോയില്‍ നിന്ന് ദീപികയെ ഒഴി വാക്കിയേക്കുമെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. പ്രത്യേക കാരണമൊന്നും വിശദീകരിക്കാതെയാണ് സ്‌കില്‍ ഡെവലപ്‌മെന്റ് മന്ത്രാലയം ദീപികയെ വീഡിയോയില്‍ നിന്ന് മാറ്റുന്നതിന് തീരുമാനം എടുത്തതും. ആസിഡ് ആക്രമണ ഇരകളെക്കുറിച്ച് സംസാരിക്കുന്ന ഭാഗമായിരുന്നു ദീപികക്ക് വീഡിയോയില്‍ ഉണ്ടായിരുന്നത്. ഈ ഭാഗം 'പരിശോധിക്കുക'യാണെന്നാണ് മന്ത്രാലയം നല്‍കിയിരുന്ന ഔദ്യോഗിക വിശദീകരണം. ജെ.എന്‍.യു സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി. താരത്തിന്റെ ജെ.എന്‍.യു സന്ദര്‍ശനത്തോട് രൂക്ഷമായാണ് ബി.ജെ.പി പ്രതികരിച്ചത്. ജെ.എന്‍.യു സന്ദര്‍ശനത്തിന് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ താരത്തിന്റെ സിനിമ ബഹിഷ്‌ക്കരിക്കണമെന്ന് ബി.ജെ.പി ആഹ്വാനം ചെയ്തിരുന്നു. സംഭവത്തില്‍ പരസ്യമായി മാപ്പ് പറയും വരെ താരത്തിന് ബി.ജെ.പി പരസ്യമായി വിലക്കും പ്രഖ്യാപിച്ചു. നേരത്തെ പദ്മാവത് സിനിമയുടെ പേരില്‍ വ്യാപകമായി എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നിരുന്നു ദീപികയ്ക്ക്. എന്നാല്‍ വിലക്കുകളെ ഭയക്കാതെ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ദീപികയുടെ നിലപാട് ഏറെ പ്രശംസ പിടിച്ചുപറ്റി. ദീപികയ്ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് ജോതിരാദിത്യ സിന്ധ്യയും രംഗത്തെത്തി. ഒരു വാക്കുപോലും സംസാരിക്കാതെ അത്ര ധീരമായ സന്ദേശമാണ് ദീപിക നല്‍കിയതെന്ന് ജോതിരാദിത്യ സിന്ധ്യ പറഞ്ഞു. സത്യത്തിനൊപ്പം നില്‍ക്കാനാണ് ദീപിക ശ്രമിച്ചത്. രാജ്യത്തിന് ധീരമായ സന്ദേശമാണ് ദീപിക നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദീപികയുടെ പുതിയ ചിത്രം ഛപാക് കാണാന്‍ തീയറ്ററിലെത്തിയതായിരുന്നു അദ്ദേഹം.