News Politics

കര്‍മഫലം നിങ്ങളെ കാത്തിരിക്കുന്നു മോദിക്ക് മറുപടിയുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി മരിച്ചത് അഴിമതിക്കാരനായിട്ടാണെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ രാഹുല്‍ ഗാന്ധി. മോദിജി, യുദ്ധം കഴിഞ്ഞു. കര്‍മഫലം നിങ്ങളെ കാത്തിരിക്കുന്നു. നിങ്ങളുടെ ഉള്‍വിചാരങ്ങള്‍ എന്റെ അച്ഛനില്‍ ആരോപിച്ചതുകൊണ്ട് നിങ്ങള്‍ രക്ഷപ്പെടാന്‍ പോകുന്നില്ല. രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. അതേസമയം മോദിക്കെതിരെ പ്രിയങ്ക ഗാന്ധിയും രംഗത്തുവന്നിട്ടുണ്ട്. രാജീവ് ഗാന്ധിയുടെ രക്ഷസാക്ഷിത്വത്തെ അപമാനിച്ചുവെന്നും മോദിക്ക് അമേത്തിയിലെ ജനങ്ങള്‍ തിരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്നും പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു. രക്തസാക്ഷികളുടെ പേരില്‍ വോട്ട് ചോദിക്കുന്ന പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തെ അപമാനിച്ചിരിക്കുകയാണ്. ഈ കാപട്യം രാജ്യം ഒരിക്കലും മറക്കാന്‍ പോകുന്നില്ലെന്നും ട്വിറ്ററില്‍ പ്രിയങ്ക പറയുന്നു.