News Politics

കെപിസിസി പുനസംഘടന ഉടന്‍; രമേശ് ചെന്നിത്തല ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: കെപിസിസി പുനസംഘടന ചര്‍ച്ചകള്‍ക്കായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡല്‍ഹിയില്‍. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനൊപ്പം രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തും. ജനറല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പടെയുള്ളവരുടെ എണ്ണം 25ല്‍ കൂടില്ലെന്നാണ് സൂചന. കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നവര്‍ ജനറല്‍ സെക്രട്ടറി ഉള്‍പ്പടെയുള്ള പദവികളില്‍ വരണമെന്നാണ് രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നത്. എ കെ ആന്റണി അടക്കമുള്ള ഹൈ കമാന്‍ഡ് നേതാക്കളും മുല്ലപ്പള്ളിയും ഇതേ നിലപാടാണ് സ്വീകരിക്കുന്നത്. മികവ് പ്രധാനഘടകമാകുമ്പോഴും ഗ്രൂപ്പ് സമവാക്യങ്ങളും മതസമുദായിക സാധ്യതകളും പരിഗണിക്കും. കേരളത്തിലുളള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്ക് നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഭാരവാഹികളെ അന്തിമമായി തീരുമാനിക്കും. പ്രഖ്യാപനം ഈയാഴ്ച്ച അവസാനത്തോടെ ഉണ്ടായേക്കും.