News Politics

മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റാന്‍ നീക്കം; എ.കെ.ശശീന്ദ്രന്‍ ശരത് പവാറിനെ കാണാനെത്തി

മുംബൈ: മന്ത്രി എ.കെ.ശശീന്ദ്രന്‍ എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിനെ മുംബൈയിലെത്തി സന്ദര്‍ശിച്ചു. മന്ത്രിസ്ഥാനത്ത് നിന്ന് ശശീന്ദ്രനെ മാറ്റാനുള്ള നീക്കം നടക്കുന്നതിനിടെയാണ് ശരത് പവാറുമായി കൂടിക്കാഴ്ച നടത്തിയത്. ശശീന്ദ്രനെ മാറ്റി മാണി സി.കാപ്പനെ മന്ത്രിയാകാനുള്ള നീക്കമാണ് മാണി സി കാപ്പന്‍ അനുകൂലികള്‍ നടത്തുന്നത്. ഇക്കാര്യത്തില്‍ നേതാക്കളുടെ അഭിപ്രായം അറിയാന്‍ മുതിര്‍ന്ന നേതാവ് പ്രഫുല്‍ പട്ടേലിനെ കേരളത്തിലേക്കയക്കാനാണ് ശരത് പവാറിന്റെ തീരുമാനമെന്നറിയുന്നു. ഫെബ്രുവരിയോടെ മന്ത്രിയെ മാറ്റണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് എന്‍സിപി ദേശീയ നേതൃത്വം അറിയിച്ചു. എന്നാല്‍ മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കല്ല, മകന്റെ കല്യാണത്തിന് ശരത് പവാറിനെ ക്ഷണിക്കാനാണ് എത്തിയതെന്നാണ് എ.കെ.ശശീന്ദ്രന്‍ നല്‍കുന്ന വിശദീകരണം.